മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഇന്ന് മുതൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുസന്ദം തീരത്ത് നിന്നാകും മഴ ആരംഭിക്കുക. പിന്നീട് മറ്റിടങ്ങളിലേക്ക് മഴ വ്യാപിക്കും. ബുറൈമി, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ എന്നിവിടങ്ങളിലും മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മഴയോടൊപ്പം കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. ഉയർന്ന ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ട്. എന്നാൽ, ശക്തമായ കാറ്റ് നിമിത്തം ഇതിെൻറ തീവ്രത വല്ലാതെ അനുഭവപ്പെടില്ല. മസ്കത്ത്, സുവൈഖ്, റുസ്താഖ്, സൊഹാർ, നിസ്വ, ഇസ്കി, ഇബ്ര, ഷിനാസ്, ഇബ്രി, ഖസബ്, ലിവ, എന്നിവിടങ്ങളിൽ വളരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മസ്കത്ത് ഗവർണറേറ്റിൽ അമിറാത്ത്, ബോഷർ, ഖുറിയാത്ത് എന്നിവിടങ്ങളിലാണ് വളരെ ശക്തമായ കാറ്റിന് സാധ്യത. കടൽ പ്രക്ഷുബ്ധമായിരിക്കും.മീൻ പിടുത്തക്കാർ കടലിൽ പോവരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഒമാെൻറ എല്ലാ തീരങ്ങളിലും മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു.