കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ

മസ്​കത്ത്​: ന്യൂനമർദത്തി​െൻറ ഫലമായി ഇന്ന്​ മുതൽ അടുത്ത നാല്​ ദിവസത്തേക്ക്​ കനത്ത മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്​ മുസന്ദം തീരത്ത്​ നിന്നാകും മഴ ആരംഭിക്കുക. പിന്നീട്​ മറ്റിടങ്ങളിലേക്ക്​​ മഴ വ്യാപിക്കും. ബുറൈമി, ദാഹിറ, മസ്​കത്ത്​, ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ എന്നിവിടങ്ങളിലും മഴ അനുഭവപ്പെടാൻ സാധ്യതയ​ുണ്ട്​. മഴയോടൊപ്പം കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ്​ നൽകി. ഉയർന്ന ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ട്​. എന്നാൽ, ശക്​തമായ കാറ്റ്​ നിമിത്തം ഇതി​െൻറ തീവ്രത വല്ലാതെ അനുഭവപ്പെടില്ല. മസ്​കത്ത്​, സുവൈഖ്​, റുസ്​താഖ്​, സൊഹാർ, നിസ്​വ, ഇസ്​കി, ഇബ്ര, ഷിനാസ്​, ഇബ്രി, ഖസബ്​, ലിവ, എന്നിവിടങ്ങളിൽ വളരെ ശക്​തമായ കാറ്റിന്​ സാധ്യതയുണ്ട്​. മസ്​കത്ത്​ ഗവർണറേറ്റിൽ അമിറാത്ത്​, ബോഷർ, ഖുറിയാത്ത്​ എന്നിവിടങ്ങളിലാണ്​ വളരെ ശക്​തമായ കാറ്റിന്​ സാധ്യത. കടൽ പ്രക്ഷുബ്​ധമായിരിക്കും.മീൻ പിടുത്തക്കാർ കടലിൽ പോവരുതെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു. ഒമാ​െൻറ എല്ലാ തീരങ്ങളിലും മൂന്ന്​ മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരുമെന്ന്​ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു.