മസ്‌കത്ത്-ഷാർജ മുവാസലാത്ത് സർവീസ് ആരംഭിക്കുന്നു

By: Ralish MR - Oman

ഒമാൻ : കഴിഞ്ഞ ഒക്‌ടോബറിൽ ആരംഭിച്ച മസ്‌കത്ത്-അൽ ഐൻ-അബൂദബി മുവാസലാത്ത് സർവീസ് ഏറെ ജനകീയമായതിന്റെ ഭാഗമായാണ് ഒമാൻ നാഷനൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മുവാസലാത്തും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും തമ്മിൽ മസ്‌കത്തിനും യു എ ഇയിലെ ഷാർജക്കും ഇടയിൽ ബസ് സർവീസ് ആരംഭിക്കാൻ വീണ്ടും ധാരണയിലെത്തിയത് . മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ സ്‌റ്റേഷനിലേക്കും തിരിച്ചും ദിവസേനയുള്ള യാത്രകൾ നടത്തും. ഇരു നഗരങ്ങൾക്കുമിടയിൽ ഗതാഗത സർവീസ് നടത്താൻ ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷത വഹിച്ച യോഗത്തിലാണ് അംഗീകാരം. ബസ് സർവീസ് ആരംഭിക്കുന്ന തീയതി, യാത്രാ റൂട്ട്, നിരക്കുകൾ തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും. ഏറെ കാലം നിർത്തിവെച്ചിരുന്ന ഒമാൻ-യു എ ഇ മുവാസലാത്ത് സർവീസുകൾ പുനഃരാരംഭിച്ചത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു. മസ്‌കത്ത്- അബൂദബി മുവാസലാത്ത് സർവീസിന് പുറമെ ഖസബ് റാസൽ ഖൈമ, റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി സർവീസും ഹിറ്റാണ്. മസ്‌കത്തിൽ നിന്നുള്ള സ്വകാര്യ ബസ് സർവീസുകളും ഇതോടൊപ്പം തുടരുന്നുണ്ട്.