മസ്കറ്റിൽ ട്രാഫിക്കിന് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം

മസ്‌ക്കറ്റ്: പുതിയ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാൻ മസ്‌കറ്റ് നഗര സഭയും, റോയല്‍ ഒമാന്‍ പോലീസും രംഗത്ത്. ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം മസ്‌കറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ തുടങ്ങും. അമിതവേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകൾ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മത്ര പ്രവിശ്യയില്‍ തന്നെ പത്തു ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ ആണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രാരംഭമായി പരീക്ഷണ അടിസ്ഥാനത്തില്‍ സ്‌കൂളുകളുടെപരിസരത്തും, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുമാണ് ഈ ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വാഹനം അമിത വേഗത്തിലാണെകില്‍ ചുവപ്പു നിറത്തില്‍ സങ്കട ഭാവമുള്ള സ്‌മൈലി തെളിയും. സുരക്ഷിതമായ വേഗത്തില്‍ ആണെങ്കില്‍ സന്തോഷമുള്ള സ്‌മൈലി പച്ച നിറത്തില്‍ തെളിയും. വാഹനം ഡിഡിജിറ്റല്‍ ബോര്‍ഡിന്റെ നൂറു മീറ്റര്‍ പരിധിക്കുള്ളില്‍ എത്തി കഴിയുമ്പോള്‍ , വാഹനം എത്ര മാത്രം വേഗതയില്‍ ആണെന്ന് കണ്ടുപിടിക്കാന്‍ ഈ ഡിജിറ്റല്‍ യന്ത്രത്തിന് സാധിക്കും. ഈ സൈന്‍ ബോര്‍ഡ് സംവിധാനം രാജ്യത്തിന്റെ മറ്റു പ്രധാന പട്ടണങ്ങളിലും സ്ഥാപിക്കുവാനുള്ള പദ്ധതി റോയല്‍ ഒമാന്‍ പൊലീസ് ആസൂത്രണം ചെയ്തു വരുന്നുണ്ട്. സുരക്ഷിതമായ ഡ്രൈവിംഗ് എന്ന ആശയം ഒരു ‘സാമൂഹ്യ സംസ്‌കാരമായി’ ആയി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് റോയല്‍ ഒമാന്‍ പൊലീസ്. അതിലൂടെ വളര്‍ന്നു വരുന്ന തലമുറക്ക് ഒരു പുതിയ ട്രാഫിക് സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ കഴിയുമെന്നും വിലയിരുത്തപെടുന്നു. പൊതു ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മസ്‌കറ്റ് നഗര സഭ മുന്‍കൈ എടുത്തു റോയല്‍ ഒമാന്‍ പൊലീസിന്റെ സഹകരണത്തോടു കൂടിയാണ് മുന്‍സിപ്പാലിറ്റി ഈ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.