ദുബൈയിൽ അഞ്ചു ദ്വീപുകളുടെ വൻ പദ്ധതി, റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവ്

ദുബായ്. കോവിഡാനന്തരം അതിശക്തമായി തിരിച്ചുവരുന്ന എമിറേറ്റിലെ പ്രോപ്പർട്ടി മാർക്കറ്റിന് ഉണർവുപകർന്ന് പ്രമുഖ നിർമാണക്കമ്പനിയായ ‘നഖീലി’ന്‍റെ പ്രഖ്യാപനം. അഞ്ചു ദ്വീപുകളടങ്ങിയ വമ്പൻ ‘ദുബൈ ഐലൻഡ്സ്’ പദ്ധതിയാണ് ‘പാം ജുമൈറ’ അടക്കമുള്ളവക്ക് ചുക്കാൻപിടിച്ച നഖീൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. നേരത്തേ ‘ദേര ഐലൻഡ്സ്’ എന്നറിയപ്പെട്ടിരുന്ന പദ്ധതിയാണ് സവിശേഷതകളോടെ അവതരിപ്പിച്ചിട്ടുള്ളത്. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനുമായി സംയോജിപ്പിച്ച് നടത്തുന്ന പദ്ധതിപ്രദേശത്തിന് 17 ചതുരശ്ര കി.മീറ്റർ ചുറ്റളവുണ്ട്.

തീരപ്രദേശങ്ങളിലെ കെട്ടിടങ്ങൾക്കും മറ്റും ആവശ്യക്കാർ ഉയർന്ന സാഹചര്യംകൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിപ്രദേശത്തിന്‍റെ 20 കി.മീറ്റർ ഭാഗം കടൽത്തീരമായിരിക്കും. ദുബൈയുടെ ഭാവിയെ സംബന്ധിച്ച് അവിഭാജ്യ ഘടകമാണ് പദ്ധതിയെന്ന് നഖീൽ ചീഫ് എക്സിക്യൂട്ടിവ് നഅ്മാൻ അതാല്ല പറഞ്ഞു. താമസസ്ഥലങ്ങളും റീട്ടെയിൽ ബിസിനസ് സംവിധാനങ്ങളും ഹോട്ടൽ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും വിനോദവ്യവസായ സംരംഭങ്ങളും അടങ്ങിയ പദ്ധതിയാണിത്. ഓരോ ദ്വീപും ഓരോ സവിശേഷതകളോടെ നിർമിക്കാനാണ് നഖീൽ പദ്ധതിയിടുന്നത്. ഇവയിൽ ആകെ 80ലധികം റിസോർട്ടുകളും ഹോട്ടലുകളും ഉണ്ടായിരിക്കും. 2019-20നുശേഷം നഖീലിന്‍റെ ഏറ്റവും വലിയ പ്രോജക്ട് പ്രഖ്യാപനംകൂടിയാണ് പുറത്തുവന്നിരിക്കുന്നത്.

ദുബൈയിലേക്ക് കൂടുതൽ നിക്ഷേപകർ എത്തിച്ചേരുന്ന സാഹചര്യത്തിൽ പ്രതീക്ഷയോടെയാണ് നഖീലിന്‍റെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. ദുബൈയിലെ പ്രോപ്പർട്ടി മാർക്കറ്റ് 12 വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണ് കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയത്. ഇതിൽതന്നെ വാട്ടർഫ്രണ്ട് പ്രോപ്പർട്ടികൾക്കുള്ള ആവശ്യക്കാർ ഓരോ മാസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. പാം ജുമൈറയിൽ വില്ലകളുടെ വില 12 മാസത്തിനിടെ 51 ശതമാനമാണ് വർധിച്ചത്. നഖീൽ ഈ വർഷം ആദ്യം ജബൽ അലി വില്ലേജിന്‍റെ പുനർവികസനം പ്രഖ്യാപിച്ചിരുന്നു.