ദുബൈ : ലഹരിമരുന്നു കേസുകളില്‍ നടപടി കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പണം നിക്ഷേപിക്കുക, പണം സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാന്‍ ശ്രമിക്കുക, മറ്റുവിധത്തില്‍ നേട്ടമുണ്ടാക്കുക നേരിട്ടോ അല്ലാതെയോ ഇത്തരം കാര്യങ്ങൾക്കായി സഹായം നൽകൽ തുടങ്ങിയവ അതീവ ഗുരുതര കുറ്റകൃത്യമാണെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി. 50,000 ദിര്‍ഹം (10.8 ലക്ഷത്തിലേറെ രൂപ) പിഴയും തടവുമാണ് ശിക്ഷ ലഭിക്കുക . കേസിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും കൂടും. ഓണ്‍ലൈനില്‍ ലഹരിമരുന്നുകള്‍ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെയും നടപടി ഊര്‍ജിതമാക്കി. ഈ വര്‍ഷം നൂറിലേറെ പേരെ പിടികൂടി. കൊച്ചുകുട്ടികള്‍ക്കു പോലും സന്ദേശമയയ്ക്കുന്നത് വര്‍ധിച്ചതോടെ നിരീക്ഷണം ശക്തമാക്കി. ശബ്ദ സന്ദേശങ്ങള്‍(voice message) സഹിതം അയച്ച് സ്ഥലവും സമയം നിശ്ചയിച്ച് ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് കൈമാറുന്നതാണ് ഇവരുടെ രീതി.
സന്ദേശം അവഗണിക്കുകയോ നമ്പര്‍ ബ്ലോക് ആക്കുകയോ ചെയ്യാതെ ഉടന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. രാജ്യത്ത് ലഹരിമരുന്നിനെതിരായ ബോധവല്‍ക്കരണം ഊര്‍ജിതമാക്കും. വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും സെമിനാറുകള്‍ നടത്തും. ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
ചികിത്സയ്ക്ക് സൗകര്യം
ലഹരി മരുന്ന ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് രക്ഷപ്പെടുത്താനും മാര്‍ഗമുണ്ട്. ലഹരിമരുന്നു ശീലത്തില്‍ നിന്നു രക്ഷപ്പെടാന്‍ ചികിത്സയ്ക്കു സൗകര്യമൊരുക്കും. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നടപടിയെടുക്കില്ല. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും ഇറാദ സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിഹാബില്‍ വിദേശികള്‍ക്കും പ്രവേശനമുണ്ട്.
രോഗിയിലും കുടുംബാംഗങ്ങളിലും ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയാണ് ആദ്യഘട്ടം. മനഃശ്ശാസ്ത്രജ്ഞരുടെയടക്കം സേവനങ്ങള്‍ ലഭ്യമാണ്. പൊലീസിന്റെ സഹായവും ലഭിക്കും. ലഹരിമരുന്ന് കൈവശം വയ്ക്കുകയോ ചികിത്സയോടു നിസ്സഹകരിക്കുകയോ ചെയ്താല്‍ നടപടിയുണ്ടാകും.
കുട്ടികളിലെ അസ്വാഭാവിക പെരുമാറ്റങ്ങള്‍ നിസ്സാരമായി കാണരുത്. ആദ്യഘട്ടത്തില്‍ തന്നെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. പെട്ടെന്നു ദേഷ്യം വരുക, പഠനത്തില്‍ താല്‍പര്യം കുറയുക, ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുക, ശുചിമുറിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുക, കിടപ്പുമുറി പൂട്ടി അകത്തിരിക്കുക എന്നിവ ശ്രദ്ധിക്കണം. കുട്ടികള്‍ എവിടെ പോകുന്നു, എപ്പോള്‍ വരുന്നു, സൗഹൃദങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
നടപടികളും ബോധവല്‍ക്കരണവും ഊര്‍ജിതമാക്കിയതോടെ യുഎഇയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ലഹരിമരുന്നു വിരുദ്ധ കര്‍മസമിതി റിപ്പോര്‍ട്ട് ചെയ്തു. 2016നെ അപേക്ഷിച്ച് 2020ല്‍ 24 ശതമാനവും കഴിഞ്ഞവര്‍ഷം വീണ്ടും 10 ശതമാനവും കുറഞ്ഞു. ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള മരണനിരക്ക് പകുതിയോളം കുറയ്ക്കാനായി.