ദോഹ: എല്ലാ നടപടികളും പൂർത്തിയായതോടെ ദേശീയ മേൽവിലാസ നിയമം ഉടൻ രാജ്യത്ത് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമം നടപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ സേവനങ്ങളെല്ലാം ഇലക്ട്രോണിക്വത്കരിക്കുന്ന ഇ-ഗവൺമെന്റ് പദ്ധതി പ്രകാരമാണ് നിയമത്തിന്റെ കീഴിൽ വരുന്ന വിവിധ കാര്യങ്ങൾ നടപ്പിലാക്കുന്നത്. പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സകല വിവരങ്ങളും ഡിജിറ്റൽവത്കരിക്കുകയാണ് നിയമം വഴി ചെയ്യുന്നത്.
നിയമപ്രകാരമുള്ള അടിസ്ഥാനവിവരങ്ങൾ പൗരൻമാർക്ക് സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണിപ്പോൾ മന്ത്രാലയമെന്ന് പൊതുസുരക്ഷാ വകുപ്പിലെ ദേശീയ മേൽവിലാസ നിയമവിഭാഗത്തിന്റെ തലവൻ ലെഫ്റ്റനൻറ് കേണൽ ഡോ. അബ്ദുല്ല സയിദ് അൽ സഹ്ലി പറഞ്ഞു. ദേശീയ മേൽവിലാസ രജിസ്ട്രിയാണ് തയാറാക്കുക. ഇതിലേക്ക് മെട്രാഷ് ടു വിലൂടെയോ സർക്കാർ സേവന കേന്ദ്രങ്ങളിലൂടെയോ ജനങ്ങൾ വിവരങ്ങൾ നൽകണം.നിയമത്തിന്റെ വിവിധ കാര്യങ്ങൾ സംബന്ധിച്ച അറിവ് നൽകാനായി ഓനൈസ സർവിസ് സെന്ററിൽ ദേശീയ മേൽവിലാസ നിയമ വിഭാഗം തന്നെ പ്രവർത്തിക്കും.
രാജ്യത്ത് വസിക്കുന്ന എല്ലാവരും ദേശീയ മേല്‍വിലാസ നിയമ പ്രകാരം തങ്ങളുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം പറയുന്നത്. പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഒന്നുകിൽ മന്ത്രാലയത്തിന്റെ ഓഫിസുകളില്‍ നേരിട്ടെത്താം. അല്ലെങ്കിൽ മെട്രാഷ് ടു ആപ്പിലൂടെ ഓണ്‍ലൈന്‍ വഴിയോ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിയും. നിയമത്തിലെ ആര്‍ട്ടിക്ള്‍ രണ്ട് പ്രകാരം വ്യക്തി താമസിക്കുന്ന വിലാസം, ലാൻറ്ഫോൺ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ തൊഴിലുടമയുടെ വിലാസവും നല്‍കണം. കൂടാതെ കോംപീറ്റൻറ് അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും കൈമാറേണ്ടതുണ്ട്. വിവരങ്ങള്‍ നല്കുന്നതില് പരാജയപ്പെട്ടാല്‍ അതുസംബന്ധിച്ച് ആ വ്യക്തി നല്കുന്ന വിശദീകരണം ഒൗദ്യോഗികമായിത്തന്നെ രേഖപ്പെടുത്തും. എന്നാൽ, ഇതിന്റെ എല്ലാ നിയമ ഉത്തരവാദിത്തങ്ങളും ആ വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യും. കുട്ടികളുടെ വിവരങ്ങൾ അവരുടെ രക്ഷിതാക്കളാണ് നൽകേണ്ടത്.
വൈകിയാൽ പിഴ
നിയമപ്രകാരം ഒരിക്കൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനോ പുതുക്കാനോ കഴിയുമെന്ന സൗകര്യം കൂടിയുണ്ട്. പുതുക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെങ്കില്‍ വിവരങ്ങള്‍ സാധുതയുള്ളതായും എല്ലാ നിയമ നടപടികള്‍ക്കും ഉത്തരവാദിത്തമുള്ളതായും കോംപീറ്റൻറ് അതോറിറ്റി കണക്കാക്കും. നിയമത്തിലെ ആര്‍ട്ടിക്ള്‍ 3, 4 എന്നിവയിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും. ദേശീയ മേല്‍വിലാസം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ 10,000 റിയാലില്‍ കൂടാത്ത പിഴ നല്‍കണം.
നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പോ, അന്തിമ വിധിക്ക് മുമ്പോ നിയമ മന്ത്രിക്ക് അല്ലെങ്കില്‍ അദ്ദേഹം നിയമിക്കുന്ന പ്രതിനിധിക്ക് ലംഘനത്തില്‍ ഒത്തുതീര്‍പ്പ് അനുവദിക്കാം. പിഴതുകയില്‍ പകുതി അടച്ച് ഒത്തുതീര്‍പ്പിലെത്തിയാല്‍ ലംഘനത്തിന്റെ കാരണങ്ങള്‍ നീക്കം ചെയ്യുമെന്നും നിയമത്തിൽ പറയുന്നുണ്ട്. സമയക്രമമനുസരിച്ച് ആറുമാസത്തിനുള്ളിൽ വിവരങ്ങൾ നൽകാത്തയാൾ നിയമത്തിന്റെ ആർട്ടിക്ൾ ആറ് അനുസരിച്ച് കുറ്റക്കാരനാണ്. ഇത്തരക്കാർ 10,000 റിയാലിൽ കൂടാത്ത പിഴ ഒടുക്കേണ്ടി വരും.
2017ലെ 24ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമം രാജ്യാന്തരതലത്തില്‍ തന്നെ നൂതന നിയമങ്ങളിലൊന്നാണ്. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനങ്ങള്‍ക്ക് പിന്തുണ നല്കാന് ദേശീയ മേല്‍വിലാസ നിയമം വലിയ പങ്കുവഹിക്കും. വ്യക്തികള്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നത് പല രൂപത്തിൽ അവർക്കുതന്നെ ഗുണകരമാണ്. അതോറിറ്റികളെ സംബന്ധിച്ച് നിയമം ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. പ്രത്യേകിച്ചും ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളിൽ നിയമം ഏറെ ഉപകാരപ്പെടും.
വ്യക്തിവിവരങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് കേസുകള്‍ പരിഹരിക്കപ്പെടുന്നതിലും കാലതാമസം നേരിടുന്നതിനുമുള്ള കാരണം. ദേശീയ മേല്‍വിലാസ നിയമം ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരമാണ്. ഭരണനിർവഹണരംഗത്തെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നിയമത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്