ദേശീയ ദിനം: ആഘോഷ നിറവിൽ സൗദി അറേബ്യ

സാബിർ ആലംപാടി 

ജിദ്ദ.സൗദി അറേബ്യ 92–ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതു സ്ഥലങ്ങളും ദേശീയ പതാകകളാലും സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങളാലും അലങ്കരിച്ചു.അഭിമാനത്തിന്റെ മഹത്തായ ദിനം ആഘോഷിക്കാൻ ലക്ഷക്കണക്കിന് പൗരന്മാർ എത്തിയപ്പോൾ രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി പതാകകൾ പറന്നു.

എല്ലാ സർക്കാർ കെട്ടിടങ്ങൾക്കും പൊതുസ്ഥലങ്ങൾക്കു മുന്നിലും വീടുകളിലും വാഹനങ്ങളിലും ദേശീയ പതാക ഉയർന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈവിധ്യമാർന്ന ആഘോഷങ്ങൾ നടക്കുകയാണ്. പൗരൻമാരും പ്രവാസികളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളുമായി ആഘോഷങ്ങളിൽ പങ്കുചേരുന്നു. കഴിഞ്ഞ ശനിയാഴ്ച ആഘോഷങ്ങൾ ആരംഭിച്ചതു മുതൽ രാജ്യത്തുടനീളം ആവേശം അലയടിക്കുകയാണ്. യഥാർഥ ദേശസ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള അതുല്യ നിമിഷമായാണ് ജനങ്ങൾ ഈ ദിനത്തെ കാണുന്നത്. ചരിത്രത്തിലെ എക്കാലത്തെയും വലിയ ആഘോഷങ്ങൾക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്

ജിദ്ദ, അൽ ഖൊബർ, ദമാം എന്നിവിടങ്ങളിൽ പത്തുദിവസം എയർ ഷോ ഉണ്ടാകും. ജിദ്ദയിലും അൽ ജുബൈലിലുമായാണ് സൗദി നാവികസേനയുടെ പ്രകടനം. മദീനയിൽ നടക്കുന്ന ദേശീയദിനപരിപാടിയിൽ ഇരുനൂറിലേറെപേർ പങ്കെടുക്കും. ഇത് നമ്മുടെ വീടാണെന്ന പേരിൽ ഒമ്പതുദിവസത്തെ പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിലായി 12 മേളകളാണ് സംഘടിപ്പിക്കുന്നത്. ഇന്നലെ രാത്രി ഒമ്പതുമണിക്ക് 18 നഗരങ്ങളിൽ ഒരേസമയം കരിമരുന്നുപ്രയോഗങ്ങൾ നടന്നു.