റിയാദ്: സൗദിയിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ദേശീയ ആരോഗ്യ സർവേക്ക് ആരംഭം കുറിച്ചു .15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരെ ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയാണ് വിവരശേഖരണം നടത്തുന്നത് .ആരോഗ്യ സ്ഥിതി, രോഗാവസ്ഥ, വൈദ്യപരിചരണത്തിെൻറ ആവശ്യം, ആരോഗ്യ പെരുമാറ്റം, ജീവിത ശൈലി തുടങ്ങിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .പുകയില ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങൾ, പോഷകാഹാരം, ജോലിസ്ഥലത്തെ സുരക്ഷ, ജനസംഖ്യാ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ പോലെയുള്ള ജനങ്ങളുടെ ആരോഗ്യനില നിർണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കലും ദേശീയ ആരോഗ്യ സർവേ ഇതോടൊപ്പം ലക്ഷ്യമിടുന്നു . പൊതുജനങ്ങളുടെ ആരോഗ്യ നിലയും ആളുകളുടെ ആവശ്യങ്ങളും വിലയിരുത്തുക, വ്യക്തിഗത ഘടകങ്ങൾ, പെരുമാറ്റം, ആരോഗ്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യത്തിെൻറ നിർണായക ഘടകങ്ങൾ പഠിക്കുക എന്നിവയാണ് സർവേയുടെ ലക്ഷ്യങ്ങളെന്ന് അതോറിറ്റി വിശദീകരിച്ചു.ആരോഗ്യ പരിപാലന സേവനങ്ങളുടെ ഗുണനിലവാരം, ലഭിക്കാനുള്ള സാധ്യത, താങ്ങാനാവുന്ന വില, അവയുമായി ബന്ധപ്പെട്ട അസമത്വങ്ങളും വെല്ലുവിളികളും തിരിച്ചറിയൽ എന്നിവയും ലക്ഷ്യമിടുന്നതായും അതോറിറ്റി പറഞ്ഞു. .