കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണ മുൻഗണന : ജീവനക്കാരുടെ സമരം

കുവൈത്ത്: ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ  അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് ജീവനക്കാർ കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.നൂറുക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു .സർക്കാർ ഉടനടി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു . ജീവനക്കാരുടെ പ്രശ്‌നങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും കുവൈത്ത് എയർവേയ്സ് വർക്കേഴ്സ് സിൻഡിക്കേറ്റ് മേധാവി തലാൽ അൽ ഹജ്രി വ്യക്തമാക്കി .
സ്വദേശികൾക്ക് തുച്ഛമായ ശമ്പളവും തസ്തികയിൽ നിയമനം ലഭിക്കുന്ന വിദേശികൾക്ക് ഉയർന്ന ശമ്പളവുമാണ് നിലവിലുള്ളത് . യോഗ്യതയുള്ള സ്വദേശി തൊഴിലാളികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തൊഴിൽ പുരോഗതി കൈവരിക്കുന്നതിൽ മാനേജ്‌മെന്റ് നിരന്തരം പരാജയപ്പെടുകയാണെന്നും കൂടാതെ  ജീവനക്കാർക്ക് മിനിമം വേതനം മാനേജ്‌മെന്റ് ഉറപ്പുവരുത്തുന്നില്ലന്നും അദ്ദേഹം പറഞ്ഞു.കുവൈത്ത് എയർവേയ്സിന്റെ വിജയത്തിന് കാരണം ജീവനക്കാരുടെ പ്രയത്‌നമാണെന്നും സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ജീവിതം ചിലവഴിച്ചവരാണ് ജീവനക്കാരെന്നും മാനേജ്‌മെന്റ് മറന്നു പോകരുതെന്നും കുവൈത്ത് എയർവേയ്സ് യൂണിയൻ വൈസ് പ്രസിഡന്റ് അബ്ദുല്ല അൽ അലി വ്യക്തമാക്കി