ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും ഏതാനും
തമിഴ് സാമൂഹ്യപ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ, അഞ്ചു വർഷമായി നാട്ടിലേയ്ക്ക് മടങ്ങാനാകാതെയിരുന്ന വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരി ആണ് സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
അഞ്ചു വർഷങ്ങൾക്ക് മുൻപാണ് നാഗേശ്വരി സൗദി അറേബ്യയിലെ ഹഫർ അൽ ബഥേനിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്.
ഒട്ടേറെ പണം കടമായി വാങ്ങി വിസ ഏജന്റിന് നൽകിയാണ് നാഗേശ്വരി ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്ത് എത്തിയത്.
എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ശമ്പളം കൃത്യമായി കൊടുത്തിരുന്നില്ല എന്ന് മാത്രമല്ല ചോദിച്ചാൽ ദേഹോപദ്രവം വരെ ഏൽപ്പിച്ചിരുന്നു എന്ന് നാഗേശ്വരി പറയുന്നു. നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ ഓർത്ത് അവർ ആ ദുരിതം ഏറെ സഹിച്ചു.
ഒടുവിൽ സഹികെട്ടപ്പോൾ ഒരു വർഷത്തിന് ശേഷം നാഗേശ്വരി അവിടെ നിന്ന് പുറത്തു ചാടി. ഇന്ത്യൻ എംബസിയിലേയ്ക്ക് പോയി സഹായം ചോദിയ്ക്കാം എന്ന് കരുതി നടന്ന അവരെ, വഴിയിൽ വെച്ച് ഒരു സൗദി പോലീസുകാരൻ കണ്ടു വിവരങ്ങൾ തിരക്കി. നാഗേശ്വരിയുടെ ദയനീയ അവസ്ഥ അറിഞ്ഞ നല്ലവനായ അയാൾ അവരെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് പോയി വീട്ടുജോലിയ്ക്ക് നിർത്തി.
നാലു വര്ഷം ആ വീട്ടിൽ നാഗേശ്വരി ജോലി ചെയ്തു. കൃത്യമായി ശമ്പളവും നല്ല ജോലി സാഹചര്യങ്ങളും അവിടെ അവർക്ക് കിട്ടി. സൗദിയിൽ വന്നിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിലേയ്ക്ക് മടങ്ങാൻ അവർ ആഗ്രഹിച്ചു. എന്നാൽ പഴയ സ്പോൺസർ ഹുറൂബ് ആക്കിയതിനാലും, പാസ്സ്പോർട്ടോ ഇക്കാമയോ ഇല്ലാത്തതിനാലും ഉള്ള നിയമക്കുരുക്കുകൾ കാരണം നാട്ടിലേയ്ക്ക് മടങ്ങാൻ ബുദ്ധിമുട്ടായിരുന്നു.
ഒരു പരിചയക്കാരൻ വഴി നാഗേശ്വരി ജുബൈലിലെ തമിഴ് സാമൂഹ്യപ്രവർത്തകനായ യാസിറിനെ ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. യാസിർ നവയുഗം വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചപ്പോൾ, നാഗേശ്വരിയെ ഹഫർ അൽ ബഥേനിൽ നിന്നും ദമ്മാമിൽ എത്തിച്ചാൽ ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കി നൽകാം എന്ന് മഞ്ജു ഉറപ്പ് നൽകി. മഞ്ജു ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ഈ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് യാസിറും തമിഴ് സാമൂഹ്യപ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരും ചേർന്ന് ചില സുഹൃത്തുക്കളുടെ സഹായത്തോടെ നാഗേശ്വരിയെ ദമ്മാമിൽ എത്തിച്ചു മഞ്ജു മണിക്കുട്ടനെ ഏൽപ്പിച്ചു. നാഗേശ്വരിയെ മഞ്ജു സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി താമസിപ്പിച്ചു. താമസിയ്ക്കാതെ മഞ്ജു ഇന്ത്യൻ എംബസ്സിയിൽ നിന്നും നാഗേശ്വരിയ്ക് ഔട്ട് പാസ്സ് വാങ്ങി നൽകുകയും, വനിതാ അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു.
തമിഴ് സാമൂഹ്യപ്രവർത്തകർ ഡി എം കെയുടെ സൗദി സാംസ്ക്കാരിക ഘടകത്തിന്റെ സഹായത്തോടെ നാഗേശ്വരിയ്ക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി. അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി, എല്ലാവര്ക്കും നന്ദി പറഞ്ഞു നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി.