നീറ്റ് – മസ്കറ്റിൽ പരീക്ഷാകേന്ദ്രം അനുവദിച്ചു: കൈരളി ഒമാന് നന്ദി അറിയിച്ച് രക്ഷിതാക്കൾ

മസ്കറ്റ് , ഒമാൻ:ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ടുള്ള പുതിയ തീരുമാനം പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസമായി. മലയാളികളടക്കമുള്ള വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന പരീക്ഷ കേന്ദ്രങ്ങൾ ഒഴിവാക്കിയാണ് ആദ്യ നോട്ടിഫിക്കേഷൻ നേരത്തെ പുറത്തിറങ്ങിയിരുന്നത്. ഇതിനെതിരെ മസ്കറ്റിൽ കൈരളി ഒമാന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ ഇന്ത്യൻ അംബാസ്സഡർക്കു ഉൾപ്പെടെ നിവേദനം നൽകുകയും ചെയ്തിരുന്നു.കൂടാതെ കൈരളി ഒമാൻ പ്രവർത്തകർ കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളെ വിഷയത്തിൽ ഇടപെടുവിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമായിരുന്ന വിഷയത്തിൽ ക്രിയാത്മകമായി ഇടപെട്ടതിന് കൈരളി നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും നിരവധി രക്ഷിതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.2022 ൽ ആണ് ഇന്ത്യൻ സ്കൂൾ മസ്കറ്റ് കേന്ദ്രമായി നീറ്റ് പരീക്ഷാകേന്ദ്രം ആദ്യമായി ഒമാനിൽ തുടങ്ങിയത്. കൈരളി ഒമാന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി എം പി മാരായ എളമനം കരീം, ജോൺ ബ്രിട്ടാസ് എന്നിവർ പ്രസ്തുത വിഷയം ഇന്ത്യൻ പാർലമെൻറിൽ ഉന്നയിച്ചതിനെ തുടർന്നാണ് മസ്കറ്റിൽ ഉൾപ്പെടെ നീറ്റ് പരീക്ഷ കേന്ദ്രം തുടങ്ങാൻ വിദ്യാഭ്യാസ മന്ത്രാലയവും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും തീരുമാനിച്ചത്.എന്നാൽ ഈ വർഷം വന്ന പട്ടികയിൽ നിന്നും 21 ഇന്ത്യൻ സ്‌കൂളുകൾ പ്രവർത്തിക്കുന്ന ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ഒഴിവാക്കിയത് വിദ്യാർത്ഥികളുടെ ഇടയിൽ വൻ പ്രതിസന്ധിയും ആശങ്കയുമാണ് സൃഷ്ടിച്ചത്.മസ്‌കറ്റിലെ പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാന്റെ നേതൃത്വത്തിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും ഒമാനിലെ നീറ്റ് പരീക്ഷാകേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണമെന്നും ചർച്ചയിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക മനസ്സിലാക്കുന്നുവെന്നും, വിഷയം ഉടൻ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നീറ്റ് അധികൃതരെയും അറിയിക്കുമെന്നും അംബാസ്സഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു. മസ്കറ്റിൽ പരീക്ഷാകേന്ദ്രം പുനഃസ്ഥാപിച്ചു കിട്ടൂന്നതിനായി കൂടുതൽ ഇടപെടലുകൾക്ക് കൈരളി ഒമാൻ നേതൃത്വം നൽകുമെന്ന് രക്ഷിതാക്കൾ ചർച്ചക്ക് ശേഷം പറഞ്ഞിരുന്നു.രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുപോലെ ആശങ്കപ്പെട്ട വിഷയത്തിൽ സത്വര നടപടി ഉണ്ടാകുന്നതിന് ഇടപെട്ട കൈരളി ഒമാന് നന്ദി അറിയിച്ചുകൊണ്ട് നിരവധി രക്ഷിതാക്കളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ സാരമായി ബാധിച്ചേക്കാമായിരുന്ന വിഷയത്തിൽ ഒപ്പം നിന്ന മുഴുവൻ രക്ഷിതാക്കൾക്കും നന്ദി അറിയിക്കുന്നതായും, തുടർന്നും വിദ്യാർത്ഥികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുമെന്നും കൈരളി ഒമാൻ പ്രവർത്തകരായ സുനിൽ കുമാർ, സുധി പദ്മനാഭൻ, ഷാജി സെബാസ്റ്റ്യൻ, മനോജ് പെരിങ്ങേത്ത്, ബിജോയ് പാറാട്ട്, വിജയൻ കരുമാടി , സുജിന മനോജ്, അരുൺ വി എം, മിഥുൻ മോഹൻ തുടങ്ങിയവർ അറിയിച്ചു