മനാമ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കിയാൽ) ശോച്യാവസ്ഥ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രവാസി സംഘടനകൾ. കണ്ണൂർ എയർപോർട്ടിനുവേണ്ടി സമരംചെയ്യുന്ന മറ്റു രാജ്യങ്ങളിലെ കൂട്ടായ്മകളോട് സഹകരിച്ച് ഗ്ലോബൽ കമ്മിറ്റി രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ നടത്താനും സംഘടനകൾക്ക് ആലോചനയുണ്ട്. സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം നടന്ന ബഹുജന സംഗമം ജനപ്രാതിനിധ്യം കൊണ്ട് വമ്പിച്ച വിജയമായിരുന്നു.കേരളത്തിലെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള ബഹ്റൈനിലെ വലുതും ചെറുതുമായ കൂട്ടായ്മകളുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിസ്സംഗതക്കെതിരെ വലിയ രോഷമാണുണ്ടായത്. സംഗമത്തിൽ പ്രതിനിധികൾ ഉന്നയിച്ച എല്ലാ നിർദേശങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഉടൻതന്നെ ഭാവി പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് അറിയിച്ചു. കണ്ണൂരിലേക്ക് വിദേശവിമാനങ്ങൾക്ക് സർവിസ് അനുമതി (പോയന്റ് ഓഫ് കോൾ സ്റ്റാറ്റസ്) നേടിയെടുക്കാനായി കൂട്ടായ പ്രവർത്തനം നടത്തും. കേന്ദ്ര വ്യോമയാനമന്ത്രിക്കടക്കം നിവേദനം നൽകി പ്രതിഷേധം അറിയിക്കാനാണ് ആലോചന. കിയാൽ മാനേജ്മെന്റിന് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.2018 ഡിസംബർ ഒമ്പതിന് പ്രവർത്തനമാരംഭിച്ച കണ്ണൂർ വിമാനത്താവളത്തിൽ തുടക്കത്തിൽ 50 പ്രതിദിന സർവിസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവിസുകളും ഉണ്ടായിരുന്നു. ആദ്യത്തെ 10 മാസം 10 ലക്ഷം യാത്രികരുണ്ടായിരുന്ന കിയാലിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം അവഗണന മാത്രമാണ്. വിദേശ വിമാന സർവിസുകൾ അനുവദിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ മുഴുവൻ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെയും പിന്തുണയോടെ കേന്ദ്രത്തിൽ സമ്മർദം ചെലുത്താനും തീരുമാനിച്ചിട്ടുണ്ട്.