വിവിധ മന്ത്രാലയങ്ങളിൽ പുതിയ​ നിയമനം

മനാമ: ബഹ്‌റൈനിലെ വിവിധ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും പുതിയ​ നിയമനം നടത്തി ബഹ്‌റൈൻ രണാധികാരി ഹമദ്​ ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി. ലേബർ മാർക്കറ്റ്​ റെഗു​ലേറ്ററി അതോറിറ്റി ചീഫ്​ എക്സിക്യൂട്ടിവ്​ ഓഫിസറായി നൂഫ്​ അബ്​ദുൽറഹ്​മാൻ ജംഷീറിനെയും എൽ.എം.ആർ.എ സി.ഇ.ഒ ആയിരുന്ന ജമാൽ അബ്​ദുൽ അസീസ്​ അബ്​ദുൽഗഫാർ അൽ അലാവിയെ ടെൻഡർ ബോർഡ്​ സെക്രട്ടറി ജനറലായി നിയമിച്ചു. പൊതുമരാമത്ത്​ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി ശൈഖ്​ മിശാൽ ബിൻ മുഹമ്മദ്​ ബിൻ അഹ്​മദ്​ ആൽ ഖലീഫയെയും വിദേശകാര്യ മന്ത്രാലയത്തിൽ കോൺസുലാർ ആൻഡ്​ അഡ്മിനിസ്​ട്രേറ്റിവ്​ അഫയേഴ്​സ്​ അണ്ടർ സെക്രട്ടറിയായി ഡോ. മുഹമ്മദ്​ അലി ബഹ്​സാദിനെയും ,നഗരാസൂത്രണ വികസന അതോറിറ്റി (യു.പി.ഡി.എ) ചീഫ്​ എക്സിക്യൂട്ടിവ്​ ഓഫിസറായി അഹ്​മദ്​ അബ്​ദുൽഅസീസ്​ ഇസ്മായിൽ അൽ ഖയ്യാതിനെയും നിയമിച്ചു . ബഹ്​റൈൻ സാംസ്കാരിക, പൈതൃക അതോറിറ്റി അധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടായി. ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ പുതിയ പ്രസിഡന്‍റ്​. ശൈഖ മായി ബിൻത്​ മുഹമ്മദ്​ ആൽ ഖലീഫക്ക്​ പകരമായാണ്​ നിയമനം. ഫിനാൻസ്​, നാഷനൽ ഇക്കണോമി മന്ത്രാലയത്തിലെ നാഷനൽ ഇക്കണോമി അണ്ടർ സെക്രട്ടറിയായി ഒസാമ സലേഹ്​ ഹാഷിം അൽ അലാവിക്കും സ്ഥാനം നൽകി.