സലാല: ഗൾഫ് രാജ്യമായ ഒമാനിലെ സലാലയിൽ പുതിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പേരിലറിയപ്പെടുന്ന ദേവാലയം ശനിയാഴ്ച വൈകിട്ട് 7 മണിക്ക്, ആയിരത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്. അറുന്നൂറോളം പേരെ ഉള്‍ക്കൊള്ളുവാനുള്ള സ്ഥല സൗകര്യമാണ് ഇപ്പോള്‍ ദേവാലയത്തിലുള്ളത്. അറേബ്യൻ രാജ്യങ്ങളുടെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ പഡില്ല, മത കാര്യങ്ങൾക്കായുള്ള വകുപ്പ് ഡയറക്ടർ അഹ്മദ് കാമിസ് മസൂദ് അൽ ബാഹ്റി, ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക് വികാർ ബിഷപ്പ് പോൾ ഹിൻഡർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളി വൈദികനായ ഇടവക വികാരി ഫാ. ആന്റണി പുത്തൻപുരക്കൽ അതിഥികളെയും വിശ്വാസികളെയും സ്വാഗതം ചെയ്തു. പുതിയ ദേവാലയം തുറക്കാൻ സാധിച്ചതിൽ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുന്നതായും സലാലയിലെ കത്തോലിക്കരെ സംബന്ധിച്ച് പുതിയ ദേവാലയം ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഹ്മദ് കാമിസ് മസൂദ് അൽ ബാഹ്റി, ഒമാൻ മതകാര്യ വകുപ്പ് മന്ത്രിയായ അബ്ദുല്ല ബിൻ മുഹമ്മദ് അൽ സാൽമിയുടെ ആശംസകൾ അറിയിച്ചു. ദേവാലയം നിർമ്മിക്കാനും, അത് പൂർത്തീകരിക്കാനും അനുമതി നൽകിയ ഒമാൻ രാജാവായ ഹിസ് മജിസ്‌റ്റി സുൽത്താൻ ഖാബൂസ് ബിൻ സൈദിന് ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ പഡില്ല നന്ദി രേഖപ്പെടുത്തി. ഡിസംബർ എട്ടാം തീയതി നടന്ന വിശുദ്ധ കുർബാന മധ്യേ ബിഷപ്പ് പോൾ ഹിൻഡറാണ് ദേവാലയത്തിന്റെ തറക്കലിടല്‍ ചടങ്ങ് നടത്തിയത്. അന്നത്തെ ചടങ്ങിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേരാന്‍ എത്തിയിരിന്നു.