മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍മാരായി ബൈജൂസ് ലേണിംഗ് ആപ്പ്. ചൈനീസ് മൊബൈല്‍ ബ്രാന്‍റായ ഓപ്പോയ്ക്ക് പകരമാണ് ഇന്ത്യന്‍ ടീമിന്‍റെ സ്പോണ്‍സേര്‍സായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തുന്നത്. ബംഗലൂരു ആസ്ഥാനമാക്കിയ വിദ്യാഭ്യാസ ആപ്പാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിങ് ആപ്പിന്‍റെ മാതൃകമ്പനി തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ്.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വിവിധ നിക്ഷേപകരില്‍ നിന്ന് 750 ദശലക്ഷം ഡോളറാണ് ബൈജൂസ് ലേണിങ് ആപ്പ് സമാഹരിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്‍റെയും ഭാര്യ പ്രിസില്ല ചാനിന്‍റെയും ഉടമസ്ഥതയിലുളള ചാന്‍- സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് ഉള്‍പ്പടെയുളളവരില്‍ നിന്നാണ് ഇത്തരത്തില്‍ നിക്ഷേപം എത്തിയത്.
നേരത്തെ, മാര്‍ച്ച് 2017 ല്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേഴ്സി കരാര്‍ ഓപ്പോ നേടിയത്. എന്നാല്‍ ഈ കരാര്‍ ഇപ്പോള്‍ ബൈജുവിന് മറിച്ച് നല്‍കിയിരിക്കുകയാണ് ഓപ്പോ. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്‍റി 20 പരമ്പര നാളെ ആരംഭിക്കും മുമ്പ് ധര്‍മശാലയില്‍ വച്ചാണ് പുതിയ ജഴ്സി പുറത്തിറക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ ചേര്‍ന്നാണ് ജഴ്സി പുറത്തിറക്കിയത്.
സെപ്റ്റംബര്‍ അഞ്ച് മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് കരാര്‍. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്‍റ് പരമ്പരയുടെ മുഖ്യ പ്രയോജകര്‍ ബൈജൂസ് ആയിരുന്നു. ഓപ്പോ പിന്‍മാറുന്നത് ബിസിസിഐയ്ക്ക് നഷ്ടമൊന്നും ഉണ്ടാക്കില്ല. ഓപ്പോയില്‍ നിന്നും ലഭിക്കേണ്ട തുക അതേ കരാറില്‍ തന്നെ ബിസിസിഐയ്ക്ക് ലഭിക്കും.
കരാര്‍ പ്രകാരം ദ്വിരാഷ്ട്ര മല്‍സരങ്ങള്‍ക്ക് 4.61 കോടി രൂപയും ഐസിസി സംഘടിപ്പിക്കുന്ന ബഹുരാഷ്ട്ര പരമ്പരകള്‍ക്ക് 1.56 കോടി രൂപയുമാണ് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുക. നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസിന്‍റെ വിപണി മൂല്യം 38,000 കോടി രൂപയാണ്.