ഡബ്ലിന്‍: മോര്‍ട്ട്‌ഗേജിലെ പുതിയ നിയമങ്ങള്‍ കാരണം വീടുവാങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ബുദ്ധിമുട്ടിലാകുന്നതായി റിപ്പോര്‍ട്ട്. പുതിയ നിയമങ്ങള്‍ നിലവിലെ ഭവന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ടെന്നും ഇത് യുവാക്കളെയാണ് കൂടുതലായും ബാധിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാക്കള്‍ക്ക് പ്രദേശത്ത് വീട് വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിലവിലെ പലിശനിരക്ക് സെന്‍ട്രല്‍ ബാങ്ക് 2% വര്‍ദ്ധിപ്പിച്ചത് യുവാക്കളോടുള്ള പരിഹാസമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതു കാരണം മാസം 2388 യൂറോയോളം മോര്‍ട്ട്‌ഗേജ് നല്‍കേണ്ടി വരുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ശരാശരി 2097 യൂറോയാണ് മോര്‍ട്ട്‌ഗേജ്. കുതിച്ചുയരുന്ന വാടകയും പുതിയ മോര്‍ട്ട്‌ഗേജ് നിയമങ്ങളും കോണ്‍ട്രാക്ട് വര്‍ക്കുകളുടെ പ്രശ്‌നങ്ങളും കാരണം ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ പിന്മാറുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും സ്വന്തമായി വീടില്ലാത്തതും കെട്ടുറപ്പില്ലാത്തതുമായ തലമുറയെയാണ് സൃഷ്ടിക്കുക എന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പലിശ നിരക്കിലുള്ള സെന്‍ട്രല്‍ ബാങ്കിന്റെ സമീപനം രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം വര്‍ധിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. അതേസമയം വാടകയ്ക്ക് മാസാമാസം ചെലവാക്കുന്ന തുക ഒന്നിച്ച് നല്‍കിയാല്‍ ഒരു വീട് സ്വന്തമാക്കാന്‍ വലിയ വിഷമമുണ്ടാകില്ലെന്നും വാടകവീടുകളെക്കാള്‍ വീടുകള്‍ വാങ്ങുന്നതു തന്നെയാണ് നിലവില്‍ ലാഭമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.