മസ്കറ്റ് :മതിയായ അനുമതിയില്ലാതെ ഡ്രോണുകൾ (ആളില്ലാപേടകങ്ങൾ ) ഉപയോഗിക്കുന്നത് ഒമാനിൽ ഇനി നിയമവിരുദ്ധം. റിമോട്ട് കൺട്രോൾ വിമാനങ്ങൾ, അല്ലെങ്കിൽ മറ്റു പറക്കുന്ന വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്ന് പുതിയ വ്യോമയാന നിയമത്തിലെ 27ആം വകുപ്പിൽ പറയുന്നു. 76/2019ആം നമ്പർ രാജകീയ ഉത്തരവുപ്രകാരമാണ് പുതിയ വ്യോമയാന നിയമം പ്രസിദ്ധീകരിച്ചത്.
ഇതോടെ വീഡിയോ ഗ്രാഫിയുമായി ബന്ധപ്പെട്ട് ഡ്രോൺ പറത്തണമെങ്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണം.മുൻപ് ഈ മേഖല സ്വദേശിവത്കരിച്ചിരുന്നു ,അതായത് വീഡിയോ ഡ്രോണുകൾ പറത്തുന്നതിന് സിവിൽ ഏവിയേഷൻ ലൈസൻസ് ഏർപ്പെടുത്തിയിരുന്നു, ഇത്തരം ലൈസൻസുകൾ സ്വദേശികൾക്കു മാത്രമായിരുന്നു ലഭിച്ചിരുന്നത് എന്നാൽ ഇപ്പോൾ ഡ്രോൺ പറത്തുന്നതിനു മുൻകൂർ അനുമതി വേണം എന്ന നിയമം കൂടി കൊണ്ടുവന്നിരിക്കുകയാണ്.
വ്യോമഗതാഗതത്തിന്റെയോ വിമാനത്തിന്റെയോ ജീവനക്കാരുടെയോ യാത്രക്കാരുടെയോ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന യാതൊരു പ്രവർത്തനങ്ങളും അനുവദനീയമല്ല. ഒമാനിൽ ഒാപറേറ്റ് ചെയ്യുന്ന യാത്രാ വിമാനങ്ങളിൽ ഒമാനി നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും അനുവദനീയമല്ലാത്ത ഉപകരണങ്ങളോ മെഷീനറികളോ ഉണ്ടാകരുതെന്നും പുതിയ നിയമത്തിലെ 29ആം വകുപ്പ് നിർദേശിക്കുന്നു. പുതിയ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പിഴശിക്ഷയും തടവു ശിക്ഷയും നൽകണമെന്ന് 63ആം വകുപ്പ് നിർദേശിക്കുന്നു. ഒരു വർഷം മുതൽ മൂന്നു വർഷം വരെ തടവും 15,000 റിയാൽ മുതൽ അമ്പതിനായിരം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷയോ നൽകണമെന്നതാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതിനിടെ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയിലെ ചില ഉദ്യോഗസ്ഥർക്ക് നിയമമന്ത്രാലയം ജുഡീഷ്യൽ പൊലീസിെൻറ അധികാരവും നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച നിയമമന്ത്രിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യാത്രാവിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ ആയുധങ്ങൾ, പടക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ അല്ലെങ്കിൽ എന്തെങ്കിലും അപകടകരമായതോ എളുപ്പത്തിൽ തീപിടിക്കുന്നതോ ആയ വസ്തുക്കളോ കൈവശംവെക്കാനോ കൊണ്ടുപോകാനോ പാടുള്ളതല്ലെന്നും പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നു.വ്യോമഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തലത്തിൽ ലേസർ രശ്മികളോ മറ്റേതെങ്കിലും പ്രകാശവസ്തുക്കളോ വിമാനത്തിനുനേരെ പ്രയോഗിക്കുന്നതും പുതിയ നിയമപ്രകാരം നിരോധിക്കപ്പെട്ടതാണ്.