
മസ്കത്ത്: പ്രാദേശിക വ്യോമഗതാഗത കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സോഹാർ വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമിക്കാൻ ഒമാൻ പദ്ധതി. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സെയ്ദ് ബിൻ ഹമൂദ് അൽ മഅ്‍വാലിയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ ടെർമിനൽ വരുന്നതോടെ സുഹാറിൽ നിന്ന് കൂടുതൽ പ്രാദേശിക വിമാന സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. വർഷാവസാനത്തിന് മുമ്പ് പുതിയ റൂട്ടുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
സൗദി അറേബ്യയിലെ ദമ്മാം, പാകിസ്ഥാനിലെ ഗ്വാദർ, തെക്കൻ ഇറാനിലെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പരിഗണനയിലുള്ളത്.
പുതിയ ടെർമിനലും അധിക വിമാന സർവീസുകളും യാഥാർഥ്യമാകുന്നതോടെ വടക്കൻ ഒമാനിൽനിന്നുള്ള യാത്രക്കാർക്ക് കൂടുതൽ വിമാനയാത്രാ സൗകര്യങ്ങൾ ലഭിക്കും. പ്രാദേശിക യാത്രകൾക്കായി മസ്‌കത്ത് വിമാനത്താവളത്തെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
മസ്കത്ത് എക്സ്പ്രസ്വേ വിപുലീകരണ ജോലികൾ ഒക്ടോബറിൽ തുടങ്ങും
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ്വേയുടെ വിപുലീകരണ ജോലികൾ ഈ വർഷം ഒക്ടോബറിലോ നവംബറിലോ തുടങ്ങുമെന്ന് ഗതാഗത മന്ത്രി മസ്കത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ കരാറുകാരനെ തെരഞ്ഞെടുക്കുകയും രണ്ടാഴ്ച മുമ്പ് പ്രവൃത്തി ആരംഭിക്കാനുള്ള അനുമതി പത്രം കൈമാറുകയും ചെയ്തു. നിർമാണ സമയത്തെ ഗതാഗത തിരക്ക് പരിഹരിക്കാനുള്ള പദ്ധതി കാബിനറ്റിന്റെ അനുമതിക്ക് സമർപ്പിക്കും. പ്രവൃത്തി സമയങ്ങളിലെ ഗതാഗത തിരക്ക് സംബന്ധിച്ച പഠനം നടത്തിവരുന്നതായി പറഞ്ഞ മന്ത്രി ചില സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം മാറ്റുന്നതടക്കം നടപടികൾ കൈകൊള്ളേണ്ടിവരുമെന്നും പറഞ്ഞു.










