യുഎഇ – ഒമാൻ പുതിയ ബസ്സ് സർവീസ് ഒക്ടോബർ ആറിന് ആരംഭിക്കും

ദുബായ്: യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ് ഈ മാസം ആറിന് ആരംഭിക്കും. വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ റാസൽഖൈമയെയും മുസന്ദം ഗവര്‍ണറേറ്റിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് സര്‍വീസ് തുടങ്ങുന്നത്.രാവിലെയും വൈകിട്ടുമായി ദിവസവും രണ്ട് സര്‍വീസ് ഉണ്ടാകും. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
റാസല്‍ഖൈമയിലെ പ്രധാന ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ഖസബിലെ വിലായത്തില്‍ അവസാനിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മണിക്കും വൈകുന്നേരം ആറ് മണിക്കും രണ്ട് സര്‍വീസുകളാകും ഉണ്ടായിരിക്കുക. മൂന്ന് മണിക്കൂറാണ് യാത്രക്ക് വേണ്ടി വരുന്ന സമയം. ഒരു വശത്തേക്കുളള യാത്രക്ക് അന്‍പത് ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതേറിറ്റിയുടെ ഔദ്യാഗിക വെബ് സൈറ്റിലൂടെ ടിക്കറ്റുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ബസില്‍ നിന്നും ടിക്കറ്റ് നേരിട്ട് വാങ്ങാൻ സാധിക്കും.