യുഎഇയിലെ പുതിയ വിസ നിയമം; പ്രവാസികൾക്ക് ആശ്വാസം നൽകും

അബുദാബി: യുഎഇയില്‍ തൊഴില്‍ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു ജോലി മാറാം. പുതിയ ഫെഡറല്‍ തൊഴില്‍ നിയമത്തിലാണ് വീസ മാറ്റം ഉദാരമാക്കിയത്. തൊഴില്‍പരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നല്‍കി 17 ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണു പുതിയ നിയമം. ഒരാള്‍ ജോലിയില്‍ പ്രവേശിച്ച അന്നു മുതല്‍ ആറു മാസം വരെ തൊഴില്‍ പരിശീലന കാലമാണ്. ജീവനക്കാരന്റെ തൊഴില്‍ തൃപ്തികരമല്ലെങ്കില്‍ 14 ദിവസം മുന്‍പ് നോട്ടിസ് നല്‍കി പിരിച്ചുവിടാനാകും
എന്നാല്‍ ഈ പ്രൊബേഷന്‍ കാലത്തും തൊഴിലാളികള്‍ക്ക് വീസ മാറ്റം അനുവദിക്കുന്നതാണു പുതിയ നിയമം. തൊഴില്‍ അവസാനിപ്പിക്കുന്നതിന്റെ ഒരു മാസം മുന്‍പ് രേഖാമൂലം തൊഴിലുടമയെ അറിയിക്കണം. പഴയ സ്‌പോണ്‍സര്‍ക്ക് തൊഴിലാളിയെ കൊണ്ടുവരുന്നതിനുണ്ടായ നഷ്ടം പുതിയ തൊഴിലുടമ നല്‍കണം. ഒരു സ്ഥാപനത്തിനു കീഴില്‍ ഒരാളെ ഒന്നിലധികം തവണ പ്രൊബേഷന്‍ കാലവധി നിശ്ചയിച്ച് നിയമിക്കാനാകില്ല. സേവന കാലത്ത് രോഗബാധിതനാവുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍ തൊഴിലുടമ എല്ലാ പരിരക്ഷയും നല്‍കണം. പരുക്കേല്‍ക്കാതെ ജോലി ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനു പരിശീലനം നല്‍കണം. തൊഴിലാളികള്‍ക്ക് വാസയോഗ്യമായ പാര്‍പ്പിടവും ഉറപ്പാക്കണ. ഇതിനു സാധ്യമല്ലെങ്കില്‍ വേതനത്തോടൊപ്പം താമസ അലവന്‍സ് പണമായി നല്‍കണം. പെര്‍മിറ്റുള്ള കെട്ടിടത്തിലായിരിക്കണം തൊഴിലാളികളെ പാര്‍പ്പിക്കേണ്ടത്.