തൽക്കാലം ഫീസ് വർധനയില്ല : ഇന്ത്യൻ സ്കൂൾ ബോർഡ്

മസ്​കറ്റ് : കൊറോണയുടെ പശ്​ചാത്തലത്തിലുള്ള സാമ്പത്തിക പ്രയാസങ്ങൾ അലട്ടുന്ന രക്ഷകർത്താക്കൾക്ക്​ ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാനിലെ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​. വിവിധ സ്​കൂളുകളിൽ പ്രഖ്യാപിച്ച ഫീസ്​ വർധനവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിൽ നിന്നും പ്രതിക്ഷേധം ഉയർന്നിരുന്നു . ഈ സാഹചര്യത്തിലാണ് ​തൽക്കാലത്തേക്ക്​ ഫീസ് വർദ്ധനവ് നടപ്പാക്കില്ലെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ് അറിയിച്ചത്. ഇതോടൊപ്പം സ്​കൂൾ ഫീസ്​ മൂന്നു മാസത്തേക്ക്​ പ്രതിമാസം അടക്കുന്നതിനുള്ള സംവിധാനം ഒരുക്കും.ജൂലൈ അവസാനം വരെയാണ്​ രണ്ട്​ തീരുമാനങ്ങളും പ്രാബല്ല്യത്തിലുണ്ടാവുകയെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു.

പുതിയ അധ്യയന വർഷത്തെ സ്​കൂൾ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്​ട്രേഷൻ പുനരാരംഭിച്ചു

പുതിയ അധ്യയന വർഷത്തെ സ്​കൂൾ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്​ട്രേഷൻ പുനരാരംഭിക്കുകയും ചെയ്​തിട്ടുണ്ട്​. ബോർഡിന്​ കീഴിലുള്ള മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനത്തിനാണ് ഏകീകൃത ഓൺലൈൻ സംവിധാനമുള്ളത്.പത്ത്​, പന്ത്രണ്ട്​ ക്ലാസുകളിലേക്ക്​ ഒഴികെയുള്ള പ്രവേശനത്തിന്​ www.indianschoolsoman.com എന്ന വെബ്​സൈറ്റ്​ വഴി രക്ഷകർത്താക്കൾക്ക്​ അപേക്ഷിക്കാം. ജനുവരി – ഫെബ്രുവരി മാസങ്ങളിൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചിരുന്നു. ഈ ഘട്ടത്തിൽ അവസരം ലഭിക്കാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചവരെ ഉൾപ്പെടുത്തി നടത്തിയ ആദ്യഘട്ട നറുക്കെടുപ്പിൽ 3,744 വിദ്യാർഥികൾക്ക്​ പ്രവേശനം നൽകിയിട്ടുണ്ട്​. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്​ പ്രവേശന നടപടികൾ ഒാൺലൈനിലായിരിക്കും പൂർത്തീകരിക്കുകയെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ അറിയിച്ചു.അഡ്​മിഷൻ നടപടികൾ സംബന്ധിച്ച്​ സ്​കൂൾ അധികൃതർ രക്ഷകർത്താക്കളെ ബന്ധപ്പെടും. നിർദേശപ്രകാരമുള്ള രേഖകൾ സമർപ്പിച്ചും ഫീസ്​ അടച്ചും മറ്റ്​ നടപടിക്രമങ്ങൾ പാലിച്ചും പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഇന്ത്യൻ സ്​കൂൾ ബോർഡിന്​ കീഴിലുള്ള www.isovle.net വെബ്​സൈറ്റി​ന്റെ പ്രയോജനം ഒമാനിലെ ഇന്ത്യൻ സ്​കൂളുകൾക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്​. വെബിനാറുകൾ, ക്വസ്​റ്റ്യൻ ബാങ്കുകൾ, വർക്ക്​ഷീറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും. 21 ഇന്ത്യൻ സ്കൂളുകളിൽ ആയി 46000 ൽ അധികം വിദ്യാർത്ഥികൾ ആണ് ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നത്.