ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഗണിക്കാതെ ഒരു സർക്കാറിനും മുന്നോട്ട് പോകാനാകില്ല. ഷംസീർ ഇബ്രാഹിം

മനാമ : രാജ്യത്തിൻറെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യാതെ ഒരു സർക്കാറിനും മുന്നോട്ട് പോകാനാവില്ല എന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. പ്രവാസി വെൽഫയർ അർധ വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻറെ ഭാവി മുൻനിർത്തി കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ള തെരഞ്ഞെടുപ്പ് പൂർവ്വ സഖ്യത്തിലൂടെ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ കക്ഷികൾക്ക്  രാജ്യത്ത് മാറ്റം സാധ്യമാണെന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ തെളിയിക്കാൻ കഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ട് ഭരണകൂടം രാജ്യത്ത് നേർക്കുനേരെ ഏകാധിപത്യം നടപ്പിലാക്കുകയല്ല ചെയ്തത് പകരം പുതിയ ജനവിരുദ്ധ നിയമങ്ങൾ ചുട്ടെടുത്ത് ജനാധിപത്യ ധ്വംസനം നടത്തുന്ന കാഴ്ചയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിൽ വിഭാഗീയത വളർത്തുവാനും അതിലൂടെ തെരഞ്ഞെടുപ്പ് നേട്ടം കൈവരിക്കാനും തൃശൂരിലൂടെ കഴിഞ്ഞതിന്റെ അപകടം നാട് തിരിച്ചറിയണം. ഈ സാഹചര്യത്തെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പൊതുസമൂഹവും മത സമുദായ സംഘടനകളും സാംസ്കാരിക ലോകവും ആത്മവിമർശനപരമായി സമീപിക്കണം. താൽക്കാലിക നേട്ടങ്ങൾക്കായി സമൂഹത്തിൽ വളർത്തിയെടുക്കുന്ന വിഭാഗീയ ചിന്തകൾ അത്യന്തികമായി മതേതര കക്ഷികൾക്കല്ല ഗുണം ചെയ്യുക എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ നവോത്ഥാനത്തിന്റെ തുടർച്ച സാധ്യമാക്കിയത് പ്രവാസി സമൂഹമാണ് എന്ന് ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിൻറെ പ്രശ്നങ്ങൾക്കും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സർക്കാറുകൾ ക്രിയാത്മകമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

ഇർഷാദ് കോട്ടയം സ്വാഗതം ആശംസിച്ച ജനറൽ ബോഡി യോഗത്തിൽ ലിഖിത ലക്ഷ്മൺ അർധ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ടിൽ ഉള്ള ചർച്ചകൾക്ക് ജനറൽ സെക്രട്ടറി സി എം മുഹമ്മദലി നേതൃത്വം നൽകി. പ്രവാസി സമൂഹത്തിൽ പ്രവാസി വെൽഫെയറിന് നിർവഹിക്കാനുള്ളത് എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി ജോസഫ് സംസാരിച്ചു. മനാമ സോണൽ പ്രസിഡൻ്റ് അബ്ദുല്ല കുറ്റ്യാടി സമാപനം നടത്തി.