ദുബായ് : റമസാനിൽ മതകാര്യ വകുപ്പ് സംഘടിപ്പിച്ചിരുന്ന വ്രതകാല തമ്പുകളും ഇഫ്താർ വിരുന്നും ഇത്തവണ ദുബായിലും ഉണ്ടാകില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുൻകൂട്ടി നൽകിയ അനുമതി റദ്ദാക്കിയതായി മതകാര്യ വകുപ്പധികൃതർ വ്യക്തമാക്കി. ഇതനുസരിച്ച് ആരാധനാലയങ്ങളുടെ അങ്കണങ്ങളിൽ ഭക്ഷണ വിതരണമോ ആളുകളുടെ ഒത്തുകൂടലോ അനുവദിക്കില്ല.ആർക്കെങ്കിലും വ്രത വിഭവങ്ങൾ വിതരണം ചെയ്യണമെന്നുണ്ടെങ്കിൽ മതകാര്യ വകുപ്പിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന എമിറേറ്റിലെ സന്നദ്ധ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് മതകാര്യ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് ദർവീശ് അൽ മുഹൈരി പറഞ്ഞു. റമസാനിൽ ഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ വിവിധ പദ്ധതികൾ മതകാര്യ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഫുജൈറയിൽ റമസാൻ പരിപാടികളില്ല
ഫുജൈറ : എമിറേറ്റിൽ റമസാനോട് അനുബന്ധിച്ചുള്ള എല്ലാ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി. വ്രതകാലത്തെ പ്രത്യേക മാർക്കറ്റും ഇത്തവണ ഉണ്ടാകില്ല. ഫുജൈറയിലെ പരമ്പരാഗത വ്യാപാര കേന്ദ്രമാണ് റമസാൻ സൂഖ്. പൈതൃക വിഭവങ്ങളും വൈവിധ്യമാർന്ന വസ്തുക്കളും ലഭിച്ചിരുന്ന ഈ സൂഖ് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇത്തവണ ഉണ്ടാകില്ലെന്ന് ഫുജൈറ നഗരസഭാ തലവൻ എൻജിനിയർ മുഹമ്മദ് സൈഫ് അൽ അഫ്ഖം അറിയിച്ചു.ആദ്യമായാണ് പെട്ടിക്കടകളുടെയും ചെറുകിട ഷോപ്പുകളുടെയും പ്രധാന ഇടമായിരുന്ന ഫുജൈറ റമസാൻ സൂഖ് അടച്ചിടുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ നൽകിയിരുന്ന പെർമിറ്റ് മുനിസിപ്പാലിറ്റി റദ്ദാക്കി. റമസാൻ സയാഹ്നങ്ങളിൽ ജനത്തിരക്കുണ്ടായിരുന്ന സൂഖ് സമൂഹ സുരക്ഷയ്ക്കായി അടയ്ക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.