ദോഹ ∙ ലോകകപ്പ് കായിക വേദിയാണെന്നും രാഷ്ട്രീയ വേദിയാക്കേണ്ടെന്നും ഫിഫ ഖത്തര്‍ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സിഇഒ നാസര്‍ അല്‍ ഖാദര്‍. ഫിഫ ലോകകപ്പിലേയ്ക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കവെ ആഗോളതലത്തില്‍ നിന്നുയരുന്ന കടുത്ത ആരോപണങ്ങള്‍ക്കെതിരെയാണ് അല്‍ഖാദര്‍ മറുപടി നല്‍കിയത്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ ലോകകപ്പ് വേദിയെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നത് കായിക മേഖലയ്ക്ക് ഉചിതമല്ല. ലോകകപ്പ് ഫുട്ബോള്‍ കാണാനും മത്സരങ്ങള്‍ ആസ്വദിക്കാനുമാണ് ഫുട്ബോള്‍ ആരാധകര്‍ എത്തുന്നതെന്നും അല്‍ ഖാദര്‍ ചൂണ്ടിക്കാട്ടി. സ്കൈന്യൂസിന് നല്കിയ അഭിമുഖത്തിലാണ് വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള മറുപടി.
തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്ന പലരും ഈ മേഖലയിലെ വിദഗ്ധരല്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഖത്തറില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ഇക്കാര്യങ്ങള്‍ വിദഗ്ധരായ ആളുകള്‍ക്ക് വിട്ടുനല്‍കുകയും ചെയ്യട്ടെ. ഫുട്ബോള്‍ സംഘടനകള്‍ ടീമുകളുടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ ശ്രദ്ധ ചെലുത്തട്ടെ.
ലോകകപ്പ് കാണാന്‍ ഖത്തറിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുന്നിടത്തോളം ആര്‍ക്കും പ്രശ്നങ്ങളുണ്ടാകില്ല. രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കണം എന്നു മാത്രമാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും അല്‍ ഖാദര്‍ വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പിനിടെ സ്വവര്‍ഗാനുരാഗത്തിന്റെ മഴവില്‍ പതാകകള്‍ ആരാധകര്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് ഇക്കാര്യങ്ങള്‍ ഫിഫ തീരുമാനിക്കട്ടെയെന്നാണ് അല്‍ ഖാദര്‍ നല്കിയ മറുപടി.