ന്യൂഡൽഹി: ബഹ്‌റൈനിൽ തടവിലായ ഇന്ത്യകാരിയുടെ മോചനത്തിനായി അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന കുറ്റമാരോപിച്ചാണ് മലയാളി യുവതിയെ തടവിലാക്കിയിരിക്കുന്നത്. 1999 ൽ ഇന്ത്യയിൽ നിന്നും ബിഎഡ് യോഗ്യത നേടിയതിനുശേഷം വർഷങ്ങളായി ബഹറിനിലെ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവതി സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ ബഹറിനിൽ നടന്നതിനെ തുടർന്നാണ് പ്രശ്‍നങ്ങളുടെ ആരംഭം. ബിഎഡ് പഠിച്ച സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ നടന്നപ്പോൾ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് നെഗറ്റീവ് റിപ്പോർട്ട് നൽകുകയും അതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ സംഭവവികാസങ്ങൾ. നാട്ടിൽ നിന്നും ബഹറിനിൽ വന്നിറങ്ങിയ ഉടനെ വിമാനത്താ വളത്തിൽ വച്ചുതന്നെ യുവതി അറസ്റ്റിൽ ആവുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് പഠനം നടത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും തുടർന്ന് വെരിഫിക്കേഷൻ നടക്കുമ്പോൾ നെഗറ്റീവ് റിപ്പോര്ട്ടു വരികയും വിദേശരാജ്യങ്ങളിൽ നിയമനടപടി ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബഹറിന് പുറമെ മറ്റു രാജ്യങ്ങളിലും ഇന്ത്യക്കാർ ഭീതിയിലാണെന്നും ആയതിനാൽ വേണ്ട നിർദേശം വിവിധ അതോറിറ്റികൾക്കും വിദേശത്തുള്ള എല്ലാ ഇന്ത്യൻ മിഷനുകൾക്കും നൽകണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം ബഹറിൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തു എന്നിവരാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിട്ടുള്ളത്.