ബഹ്റൈൻ : കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മൽസരത്തിന് നാളെ മുതൽ ആരംഭിക്കും .
സമാജം അംഗങ്ങൾക്കായി പരിമിതപ്പെടുത്താതെ ബഹ്റൈനിലെ നാടകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരൻമാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുകയും അതിൽ നിന്ന് മികവുറ്റ കലാകാരൻമാരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈൻ മലയാളികളുടെ മാത്യ സംഘടനയായ കേരള സമാജം എല്ലാ വർഷവും നാടക മൽസരം നടത്തിവരാറുള്ളത്.
ബഹ്റൈനിലെ മലയാളി കലാകാരൻമാരെ നാടക രംഗത്തെ പുത്തൻ അറിവുകളിലേക്ക് കൈപിടിച്ചു നടത്തുന്നതിനായി, സമാജം സ്കൂൾ ഓഫ് ഡ്രാമ ഒന്നര മാസം നീണ്ട് നിന്ന ഒരു നാടക പരിശീലന കളരി ഈ വർഷം സംഘടിപ്പിക്കുക ഉണ്ടായി അതിനൊടുവിൽ രംഗത്ത് അവതരിപ്പിക്കപ്പെട്ട “യർമ്മ ” എന്ന നാടകവും ഈ വർഷം ആദ്യം അവതരിപ്പിക്കപ്പെട്ട “ഊരുഭംഗം” എന്ന നാടകവും ഒട്ടേറെ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.
ഇത്തവണ ആറ് നാടകങ്ങൾ ആണ് മൽസര രംഗത്തുളളത്, ഡിസംബർ മൂന്നാം തീയതി 8 മണിക്ക് ഉൽഘാടന സമ്മേളനവും ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ഡിസംബർ 4 ഞായറാഴ്ച്ച രാത്രി 8.10 ന് ശ്രീ .സുനിൽ പയ്യന്നൂർ സംവിധാനം ചെയ്യുന്ന ‘എലികൾ ‘ . 9.40 ന് ശ്രീ.ബെൻസുഗുണൻ സംവിധാനം ചെയ്യുന്ന ‘കുരിശുകൾക്ക് നടുവിൽ ബിയാട്രീസ്’ എന്നീ നാടകങ്ങൾ ആണ് ഉണ്ടാവുക.
നാടക മൽസരത്തിന്റെ രണ്ടാം ദിനമായ ഡിസംബർ 6 രാത്രി 8.10 ന് ശ്രീ.ബേബിക്കുട്ടൻ കൊയിലാണ്ടിയുടെ ‘രാവുണ്ണി ‘ ,9 .4Oന് ശ്രീ.ദിനേശ് കുറ്റിയിലിന്റെ ‘സ്വപ്ന വേട്ട’ എന്നീ നാടകങ്ങൾ അവതരിപ്പിക്കപ്പെടും.അവസാന ദിവസമായ ഡിസംബർ 7 രാത്രി 8.10 ന് ശ്രീ.അനിൽ സോപാനത്തിന്റെ ‘ അവസാനത്തെ ബന്ധു ‘, 9.40 ന് ശ്രീ.സുരേഷ് പെണ്ണുക്കരയുടെ ‘മാതംഗി’ എന്നീ നാടകങ്ങളും അരങ്ങിലെത്തും.നാടകങ്ങൾ എല്ലാം തന്നെ കൃത്യമായ സമയക്രമം പാലിക്കുന്നതിനായി സമാജം ഭരണ സമിതി പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്, ഓരോ ദിവസവും രണ്ട് നാടകങ്ങളുടെയും ഇടവേളയിൽ കാണികൾക്കായി ചർച്ചകളും ,നാടക സിനിമാ ഗാനങ്ങളും ഉൾപ്പെടുത്തി പ്രത്യേക പരിപാടികളും അവതരിപ്പിക്കപ്പെടും.
കേരളത്തിൽ നിന്നും സിനിമാ നാടകരംഗങ്ങളിലെ പ്രമുഖരായ വ്യക്തി ത്തങ്ങളാണ് വിധി നിർണ്ണയത്തിനും നാടകങ്ങൾ അവലോകനം ചെയ്യുന്നതിനുമായി എത്തിച്ചേരുന്നത്.
ഡിസംബർ എട്ടാം തിയതി നടക്കുന്ന സമാപന സമ്മേളനത്തിൽ ഫലപ്രഖ്യാപനവും പുരസ്കാര വിതരണവും അനുബന്ധ കലാപരിപാടികളും ഉണ്ടായിരിക്കും.
മൽസരത്തിന്റെ നടത്തിപ്പിനായി സമാജം കലാ വിഭാഗം സെക്രട്ടറി ശ്രീ.മനോഹർ പാവറട്ടി , സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിജു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു.
ഉൽഘാടന ചടങ്ങിലേക്കും നാടകങ്ങൾ ആസ്വദിക്കുന്നതിലേക്കുമായി ബഹ്റൈനിലെ എല്ലാ കലാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സമാജം ആക്ടിംഗ്പ്രസിഡണ്ട് ശ്രീ.ഫ്രാന്സിസ് കൈതാരത്ത്, സെക്രട്ടറി ശ്രീ.എൻ.കെ വീരമണി എന്നിവർ അറിയിച്ചു…..കൂടുതൽ വിവരങ്ങൾക്ക്… മനോഹരൻ pavaratty…39848091…വിജു കൃഷ്ണൻ… 36656026..എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്..