സൗദി അറേബ്യ : അടുത്തമാസം മുതല്‍ സൗദി അറേബ്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ, ആരോഗ്യമന്ത്രാലയം മുന്നോട്ടുപോകുമ്പോൾ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടിലകപ്പെട്ട പ്രവാസി വിദ്യാർഥികൾ. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വിദേശി അധ്യാപകര്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞ ദിവസം മുതല്‍ അനുമതി നല്‍കി തുടങ്ങി.അടുത്ത മാസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും പൂർവനിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഓഫ് ലൈൻ ക്ലാസ് ആരംഭിക്കാനുമുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. സൗദിയിൽ 12 വയസ്സിന് മുകളിലുള്ള മുഴുവൻ വിദ്യാർഥികളോടും കോവിഡ് വാക്സിൻ എടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. സ്‌കൂൾ വിദ്യാർഥികളിൽ 61 ശതമാനം പേർ ഇതിനകം വാക്‌സിൻ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിനു വിദ്യാർഥികളും നൂറുകണക്കിന് അധ്യാപകരും ഇതര ജീവനക്കാരും മധ്യവേനലവധിയിൽ നാട്ടിലാണ് ഇപ്പോള്‍. സ്‌കൂളുകൾ തുറക്കുമ്പോഴേക്കും ഇവർക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമാണ്. നേരിട്ടുള്ള വിമാന സര്വ്വീസ് ഇല്ലാത്തത് കൊണ്ട് തന്നെ സൗദിയിലേക്ക് തിരിച്ചുവരാനാകാതെ സ്വന്തം രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ മക്കൾ ഇതോടെ പ്രതിസന്ധിയിലായിട്ടൂണ്ട്.ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയാത്തതാണ് സൗദി നേരിട്ട് വിമാന സർവിസ് അനുവദിക്കാത്തതിനു കാരണം. ഖത്തർ, കുവൈത്ത്, യു എ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാന സർവിസ് അനുവദിച്ചതു പോലെ അധികം വൈകാതെ സൗദിയും ഇന്ത്യയിൽനിന്നും വിമാന സർവിസ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
സൗദി അറേബ്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള തീരുമാനവുമായി അധികൃതർ : എന്ത് ചെയ്യണമെന്ന് അറിയാതെ നാട്ടിൽ അകപ്പെട്ട പ്രവാസി വിദ്യാർത്ഥികൾ
By : Mujeeb Kalathil