കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വെല്ലുവിളി അവസാനിപ്പിക്കണം- ഒഐസിസി.

മനാമ : ഇന്ത്യക്ക് വെളിയിൽ ജോലിതേടി പോയ പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തുന്ന വെല്ലുവിളികൾ അവസാനിപ്പിക്കണം എന്ന് ഒഐസിസി ദേശീയകമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിൽ അധികമായി ജനിച്ചു വീണ മണ്ണിലേക്ക് തിരിച്ചു ചെല്ലാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അതിന് അവസരം നിഷേധിക്കുന്ന നിലപാടുകൾ തിരുത്താൻ സർക്കാരുകൾ തയ്യാറാകണം. കോവിഡ് 19 മൂലം ലോകം മുഴുവൻ കഷ്ടപ്പെടുമ്പോൾ പ്രവാസികളായ ഇന്ത്യക്കാർ ആരോടാണ് തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കേണ്ടത് എന്ന് സർക്കാരുകൾ വ്യക്തമാക്കണം.എംബസികളിൽ രജിസ്റ്റർ ചെയ്‌ത ആളുകൾക്ക് ഏറ്റവും അടുത്ത എയർപോർട്ടിലേക്ക് യാത്ര ചെയ്യാൻ അവസരം ഉണ്ടാവണം, അതിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് സംസ്ഥാനത്തെ നാല് എയർപോർട്ടുകൾ. ഇപ്പോൾ ക്രമീകരിച്ചിരിക്കുന്ന വിമാനങ്ങൾ തങ്ങളുടെ ജില്ലയിൽ നിന്ന് വളരെ ദൂരെ ഉള്ള എയർപോർട്ടിലേക്കാനാണ് യാത്രക്ക് അവസരംലഭിക്കുന്നത്. ഇത് മൂലം പ്രവാസികൾ അനേകം മണിക്കുറുകൾ യാത്ര ചെയ്തു മാത്രമേ സ്വന്തം ജില്ലയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. ഇത് എംബസിയിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ വിവരങ്ങൾ കേന്ദ്രഗവണ്മെന്റ് പരിഗണിക്കുന്നില്ല എന്ന കാര്യം വ്യക്തമാണ് . പല വിദേശരാജ്യങ്ങളും തങ്ങളുടെ സ്വന്തം ചിലവിൽ പ്രവാസികളെ നാട്ടിൽ എത്തിക്കാം എന്ന് പറഞ്ഞിട്ടും കേന്ദ്ര – സംസ്ഥാനസർക്കാരുകൾ അതിന് അവസരം നൽകാതെ വന്ദേ ഭാരത് മിഷൻ എന്ന പേരിൽ പ്രത്യേക വിമാനങ്ങളും, കപ്പലുകളും ഉപയോഗിച്ച് പ്രവാസികളെ നാട്ടിൽ എത്തിക്കാം എന്നാണ് പറയുന്നത്. നാളിത് വരെ ഗൾഫ് നാടുകളിലേക്ക് ഒരു കപ്പൽ പോലും സർവീസ് നടത്തിയിട്ടില്ല. കപ്പൽ സർവീസ് ആരംഭിച്ചാൽ ഒരേ സമയത്ത് അനേകം വിമാനങ്ങളിൽ കൊണ്ട് പോകുന്ന ആളുകളെ ഒന്നിച്ചു നാട്ടിൽ എത്തിക്കുവാൻ സാധിക്കും, കൂടാതെ ഇതിന് കുറഞ്ഞ ചിലവും ആയിരിക്കും. ജോലി നഷ്ടപ്പെട്ട ആളുകൾക്കും, പൂർണ്ണ ആരോഗ്യം ഉള്ളവർക്കും ഇത് ഉപയോഗിക്കാം. മറ്റുള്ളവരെ വിമാനങ്ങളിലും നാട്ടിൽ എത്തിക്കാൻ സാധിക്കും. അതിന് ആവശ്യത്തിന് വിമാന സർവീസുകൾ ആരംഭിക്കണം. ഈ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തികഞ്ഞ അലംഭാവം ആണ് കാണിക്കുന്നത്. വിവിധ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന പ്രവാസികൾ വിദേശ രാജ്യങ്ങളിൽ കിടന്ന് മരിച്ചാലും കുഴപ്പമില്ല എന്ന നയം മാറ്റണം. ഈ മരണങ്ങൾ കേരളത്തിന്റെയോ, ഇന്ത്യയുടെയോ പേരിൽ വരരുത് എന്നാണ് ഭരണകർത്താക്കൾ ആഗ്രഹിക്കുന്നത്. പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ അവഗണനയാണ്. സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ചാർട്ടേഡ് വിമാനങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കുമ്പോൾ അതിന് യഥാവിധി അംഗീകാരം നൽകുന്നതിന് ശ്രമിക്കാതെ, പരമാവധി മുടക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. ഇതിൽ നിന്ന് ഒരു സംഘടനയും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല എന്നിരിക്കെ, ഇതിന്റെ ചാർജ് സംബന്ധിച്ചു തർക്കം ഉണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചാർജ് കൂടുതൽ ആണെങ്കിൽ നോർക്കയുടെ മേൽനോട്ടത്തിൽ വിമാനങ്ങൾ ക്രമീകരിക്കുകയൊ, അല്ലെങ്കിൽ കൂടുതൽ വരുന്ന തുക സർക്കാർ സബ്‌സിഡി ആയി നൽകുകയോ ആണ് അഭികാമ്യം. അല്ലാതെ നിരക്ക് സംബന്ധിച്ചു തർക്കം ഉണ്ടാക്കി ഉള്ള ഫ്ലൈറ്റ്കൾ കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് ന്റെ പശ്ചാത്തലത്തിൽ നാട്ടിലും പ്രവാസ ലോകത്തും ശക്തമായ സമരം നടക്കില്ല എന്നാണ് ഭരണകർത്താക്കൾ ധരിക്കുന്നത് എങ്കിൽ കേരളത്തിലെ മൂന്നിലൊന്നിൽ കൂടുതൽ ആളുകൾ ജീവിക്കാൻ ആശ്രയിക്കുന്നത് പ്രവാസലോകത്തെ ആണെങ്കിൽ ഇവർക്ക് ജനകീയ കോടതിയിൽ തക്കതായ മറുപടി നൽകുമെന്നും ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.