മനാമ : വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിൽ തിരികെ എത്തിക്കുവാൻ വിമാന സർവീസ് ഉടൻ ആരംഭിക്കണം എന്ന് ഒഐസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി പ്രവാസികൾക്ക് അനുകൂലമായി തീരുമാനം എടുപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ്, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവരെ അറിയിച്ചു . ഗൾഫ് മേഖലയിലെ ഒഐസിസി നേതാക്കളുമായി പുതിയ സാങ്കേതിക വിദ്യയായ സൂം ഉപയോഗിച്ചാണ് പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തിയത്. സന്നർശക വിസയിൽ എത്തിയ വാർധക്യത്തിൽ ഉള്ള ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ജീവൻ രക്ഷാ മരുന്നുകൾ രണ്ടോ, മൂന്നോ മാസത്തേക്ക് മാത്രമാണ് പലരും കരുതിയത്, പലരുടെയും മരുന്നുകൾ തീർന്നു കഴിഞ്ഞു,പലർക്കും ഇന്ത്യയിൽ ലഭിച്ചു കൊണ്ടിരുന്ന മരുന്നുകൾ ഇവിടെ ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. വിസ കാലാവധി കഴിഞ്ഞ അനേകം ആളുകൾ തങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന ഫ്ലാറ്റുകളും മറ്റ് ഉപകരണങ്ങളും ഒഴിവാക്കിയവരാണ് ഇങ്ങനെ ഉള്ളവർ താമസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ലോകത്ത് ഇന്ത്യയെക്കാളും ദരിദ്രമായ പല രാജ്യങ്ങളും തങ്ങളുടെ ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോയിക്കഴിഞ്ഞു, ഇന്ത്യ മാത്രം പ്രവാസികളോട് കാണിക്കുന്ന വലിയ ക്രൂരതയാണ്. പ്രവാസികളെ വ്യക്തമായ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പുള്ളവരെ മാത്രം കൊണ്ടുപോയാൽ മതി. അങ്ങനെ കൊണ്ടുപോകുന്ന ആളുകൾക്ക് കൊറന്റൈനിൽ താമസിക്കുവാൻ സ്വന്തമായി വീടുള്ള ആളുകളാണ്. ഈ സാഹചര്യത്തിൽ പ്രവാസികളെ അടിയന്തിരമായി നാട്ടിൽ എത്തിക്കണമെന്ന് ഒഐസിസി അധികാരികളോട് അഭ്യർത്ഥിച്ചു.