മനാമ : ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി ചാർട്ട് ചെയ്ത രണ്ടു ഫ്ളൈറ്റുകൾ നാട്ടിൽ എത്തിച്ചേർന്നു. ജോലി നഷ്ടപ്പെട്ട ആളുകൾ, ദീർഘകാലം അവധി നൽകി കമ്പനികൾ നാട്ടിലേക്ക് അയച്ചവർ, ഗർഭിണികൾ, ഉപരിപഠനത്തിന് നാട്ടിലേക്ക് പോകുന്നവർ, മക്കളെയും ബന്ധുക്കളെയും, സുഹൃത്തുക്കളെയും കാണുന്നതിന് വിസിറ്റിംഗ് വിസയിൽ വന്നവർ, സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുടുംബത്തെ നാട്ടിലേക്ക് അയക്കുന്നവർ തുടങ്ങി അനേകം ആളുകൾക്ക് നാട്ടിൽ എത്തിച്ചേരുവാൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30 കൊച്ചിയിലേക്ക് പുറപ്പെട്ട ജി എഫ് 7722 വിമാനം പ്രാദേശിക സമയം ഉച്ചക്ക് ശേഷം 2.30 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. വൈകുന്നേരം 4.30 ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ജി എഫ് 7276 വിമാനം രാത്രി 11.30 ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിച്ചേർന്നു. യാത്രക്കാർക്ക് വിമാനത്താവളത്തിൽ വച്ച് കഴിക്കുന്നതിന് ലഘു ഭക്ഷണവും, ജൂസ് എന്നിവ ഫുഡ് വേൾഡ്, കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റ് എന്നിവയുടെ സഹകരണത്തോടെ വിതരണം ചെയ്തു. യാത്രക്കാർക്ക് വേണ്ട സഹായങ്ങളും, നിർദേശങ്ങളും നൽകാൻ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി മാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, ചാരിറ്റി സെക്രട്ടറി മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ഓഫീസ് സെക്രട്ടറി ഷാജി തങ്കച്ചൻ, ഒഐസിസി ഭാരവാഹികളായ ഷമീം നടുവണ്ണൂർ, നിസാർ കുന്നത്ത് കുളത്തിൽ, റംഷാദ്, സിജു പുന്നവേലി, സുമേഷ് ആനേരി, ജാലീസ് കെ. കെ, ഫിറോസ് അറഫ, ആകിഫ് നൂറ, സ്വരൂപ്, ദാദാഭായ് ട്രാവത്സ് എയർ പോർട്ട് മാനേജർ ദീപക് ഭോല തുടങ്ങിയർ നേതൃത്വം നൽകി.