ബഹ്‌റൈൻ : ലോകം മുഴുവൻ കൊറോണ മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവാസികളോടുള്ള ശത്രുത നിലപാട് അവസാനിപ്പിക്കണമെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് വലിയ അളവ് സംഭാവന ചെയ്യുന്ന പ്രവാസികളോട് സർക്കാർ കൊടിയ വഞ്ചനയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്.തങ്ങളുടെ ജന്മ നാട്ടിലേക്ക് വരുവാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തുവാനുള്ള പ്രവാസി സംഘടനകളുടെ ശ്രമങ്ങളോട് സർക്കാർ പുറം തിരിഞ്ഞു നിൽക്കുന്നു. പ്രവാസ ലോകത്തെ പതിനായിരങ്ങൾ മാസങ്ങളായി ജോലി ഇല്ലാതെ നരക യാതനയിലാണ്.സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം കഴിച്ചു ജീവൻ നില നിർത്തി കൊണ്ടിരിക്കുന്നവർ നാട്ടിലെത്തുമ്പോൾ ക്വാറന്റൈൻ ചെയ്യുന്നതിന്റെ ചെലവ് സ്വന്തം നിലയിൽ വഹിക്കണമെന്ന് പറയുന്നത് മനുഷ്യത്വ വിരുദ്ധമാണ്. എല്ലാ സ്വപ്നങ്ങളും നഷ്ടമായി തിരികെയെത്തുന്ന പ്രവാസികളോട് അതിഥി തൊഴിലാളികളോട് കാണിക്കുന്ന മാന്യത എങ്കിലും കാണിക്കാൻ സർക്കാർ തയ്യാറാവണം. പതിനായിരങ്ങൾ ഇന്ന് പ്രവാസ ലോകത്ത് അസുഖങ്ങൾ മൂലം കഷ്ട്ടപ്പെടുന്നവരുണ്ട്.ജോലി ഇല്ലാത്തവരുണ്ട് അവർക്ക് തിരികെ നാട്ടിലേക്ക് വരുവാനുള്ള സാഹചര്യം ഉണ്ടാവണം.ഈ മഹാമാരി മൂലം നൂറിലേറെ മലയാളികൾ പ്രവാസ ലോകത്ത് മരണപ്പെട്ടു കഴിഞ്ഞു.പ്രവാസികളുടെ ജീവൻ കൊണ്ട് പന്താടാൻ സർക്കാർ ഇനിയും ശ്രമിക്കരുത്.ഇടതുപക്ഷസർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിന് കേരള ജനത ശക്തമായ മറുപടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.ഇനിയും പ്രവാസികളോടുള്ള വഞ്ചനയും ശത്രുതയും തുടരാനാണ് സർക്കാർ തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് ഒഐസിസി അടക്കമുള്ള പ്രവാസി സംഘടനകൾ നേതൃത്വം നൽകുമെന്നും രാജു കല്ലുംപുറം പറഞ്ഞു