ബഹ്‌റൈൻ: തിങ്ങി നിറഞ്ഞ സദസ്സിന് മുന്നിൽ ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ”ആരംഭം“ അരങ്ങേറി.പുതിയതായി നിലവിൽ വന്ന ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനങ്ങളുടെ തുടക്കവും ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൺവെൻഷനും ഒരുമിച്ച് സംഘടിപ്പിച്ചത് പ്രവർത്തകർക്ക് ആവേശമായി.ഐ മാക്ബി എം.സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ സ്വാഗതം ആശംസിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസ ലോകത്ത് അഭിമാനകരമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് അഡ്വ.വി എസ് ജോയ് പറഞ്ഞു. വരാൻ പോവുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പ് അതിനിർണ്ണായകമാണെന്നും ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി നില നിൽക്കണോ എന്ന് തീരുമാനിക്കുവാനുള്ള തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോകത്ത് ഒന്നുമല്ലാതിരുന്ന ഒരു രാജ്യത്തെ ലോകത്തെ ശ്രദ്ധേയമായ രാജ്യമാക്കി വളർത്തിയെടുത്തത് കോൺഗ്രസാണ്. കാർഷിക സൈനിക സാമ്പത്തിക ശാസ്ത്ര സാങ്കേതിക മേഖലകളിൽ രാജ്യം വിപ്ലവകരമായ പുരോഗതിയിലേക്ക് കുതിച്ചത് കോൺഗ്രസ്സ് സർക്കാരുകളുടെ ദീർഘവീക്ഷണം ഒന്ന് കൊണ്ട് മാത്രമാണ്. ഇന്ന് കോൺഗ്രസ് രാജ്യത്തിന് സമ്മാനിച്ച പൊതുമേഖല സ്ഥാപനങ്ങൾ മുഴുവൻ കോർപ്പറേറ്റുകൾക്ക് ബിജെപി സർക്കാർ തീറെഴുതി കൊടുക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.കെ.പി.സി.സി അംഗം അഡ്വ. എ.എം രോഹിത് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത മുഴുവൻ തകർക്കുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്റെ അവസാനത്തെ പ്രതീക്ഷയായ പരമോന്നത നീതി പീഠങ്ങളെ പോലും ചൊൽപ്പടിക്ക് നിർത്തുവാനുള്ള ശ്രമങ്ങൾ നടത്തുന്നു. വിവാദപരമായ വിധികൾ പുറപ്പെടുവിക്കുന്ന ന്യായാധിപന്മാർക്ക് ഉന്നത പദവികൾ വാഗ്ദാനം ചെയ്യപ്പെടുന്നു. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെവിലക്കെടുക്കുന്നു.വഴങ്ങാത്തവരെ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു.ഇന്ന് ഇഡി ചോദ്യം ചെയ്യാത്ത ഏക പ്രതിപക്ഷ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട്കെട്ടിന്റെ ഭാഗമാണെന്നും എ.എം രോഹിത് പറഞ്ഞു.ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവരെ ജില്ല കമ്മിറ്റി ആദരിച്ചു. ബിസിനസ്സ് എക്സലൻസ് അവാർഡ് വാദിമ ഗ്രൂപ്പ് എം. ഡി ജുനൈദിന് സമ്മാനിച്ചു. സോഷ്യൽ എക്സലൻസ് അവർഡ് അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, സലാം മമ്പാട്ടുമൂല എന്നിവർക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള മികച്ച സംഘടനകൾക്കുള്ള പുരസ്കാരം കനോലി നിലമ്പൂർ കൂട്ടായ്മ,പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്നിവർക്ക് സമ്മാനിച്ചു.ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, കെ എംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ,ആസ്റ്റർ ഡയറക്ടർ ഷാനവാസ്.പി.കെ,ഓ ഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയഞ്ചേരി, ദേശീയ വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ ദേശീയ ജനറൽ സെക്രട്ടറി ഗിരീഷ് കാളിയത്ത്, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.പ്രോഗ്രാം കമ്മറ്റി കൺവീനർ ബഷീർ തറയിൽ നന്ദി പറഞ്ഞു.ജില്ലാ ഭാരവാഹികളായ മണികണ്ഠൻ കുന്നത്ത്,ഷാനവാസ് പരപ്പൻ,സുമേഷ് പനിച്ചോത്ത്,അബൂബക്കർ വെളിയങ്കോട്,അബ്ദുൽ കരീം,സ്വരാജ്,നസീബ കരീം,സബ രഞ്ജിത്,രാജേഷ് വർഗീസ്,മുഹമ്മദ് കാരി,നൗഫൽ.ടി.സി തുടങ്ങിയവർ നേതൃത്വം നൽകി.