പ്രവാസികളോട് സർക്കാർ കാട്ടുന്നത് ക്രൂരത – ഒഐസിസി

മനാമ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര സർക്കാർ കാട്ടുന്നത് ക്രൂരതയാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ചതിന്റെ പകുതിയൊ അതിൽ താഴെയോ ഉള്ള ടിക്കറ്റ് നിരക്കിന് വിദേശ രാജ്യങ്ങളിലെ ഫ്‌ളൈറ്റുകൾ ആളുകളെ നാട്ടിൽ എത്തിക്കാൻ തയാറാണ്,  ചില രാജ്യങ്ങൾ സൗജന്യമായി പോലും എത്തിക്കാം എന്ന് പറഞ്ഞിട്ടും കേന്ദ്ര സർക്കാർ അതിന് വഴങ്ങി എയർപോർട്ടുകൾ തുറന്നുകൊടുക്കാൻ തയ്യാറല്ല. മുൻ കാലങ്ങളിൽ പലപ്പോഴും ഇതിന്റെ പകുതിയിൽ താഴെ മാത്രം തുക മുടക്കി ആളുകൾക്ക് യാത്ര ചെയ്യുവാൻ അവസരം ഉണ്ടായിട്ടുള്ളതാണ്.  കഴിഞ്ഞ മൂന്ന് മാസക്കാലമായി പ്രവാസിസംഘടനകളും,  മറ്റ് മനുഷ്യ സ്നേഹികളും നൽകുന്ന ഭക്ഷണം കഴിച്ചുജീവിതം മുന്നോട്ട് നീക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തുക മുടക്കി നാട്ടിൽ പോകാൻ സാധിക്കില്ല. കമ്പനികൾ പലതും അടച്ചു, ജോലിക്കാർക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങൾ ഒന്നും നൽകിയിട്ടില്ല,  സന്നർശക വിസയിൽ എത്തിയിട്ടുള്ള ആളുകൾ തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുത്തുകൊണ്ടാണ് വന്നിട്ടുള്ളത്,  അങ്ങനെയുള്ള ആളുകൾ അടച്ച ടിക്കറ്റ് ചാർജ് തിരികെ വാങ്ങി കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കണം. അടിയന്തിര ചികിത്സ ആവശ്യംഉള്ള അനേകം ആളുകളുണ്ട്, ഈ ആളുകളെ നാട്ടിൽ എത്തിച്ചു തുടർ ചികിത്സ നടത്തിയെങ്കിൽ മാത്രമേ അവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിക്കുകയുള്ളു. ഇപ്പോൾ പ്രഖ്യാപിച്ച തുക സ്വന്തമായി മുടക്കാൻ സാഹചര്യം ഇല്ലാത്ത  ആളുകൾക്ക് സൗജന്യ യാത്രാ ടിക്കറ്റ് നൽകുവാനുള്ള ക്രമീകരണം ഉണ്ടാകണം. എംബസികളിൽ ഉള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഇത് പോലെയുള്ള ആവശ്യങ്ങൾക്ക് വിനിയോഗിക്കണം എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം,  ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം എന്നിവർ ആവശ്യപ്പെട്ടു. അങ്ങനെ സാധിക്കാത്ത പക്ഷം വിദേശ രാജ്യങ്ങളിലെ വിമാനങ്ങൾക്ക് യാത്രാ അനുമതി നൽകണം എന്നും ആവശ്യപ്പെട്ടു.