മസ്കറ്റ്. ഒഐസിസി ഒമാൻ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും എന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകർ. മസ്കറ്റിൽ ഓഗസ്റ്റ് 26 ന് മറു വിഭാഗം ചിന്തൻ ശിബിർ എന്നപേരിൽ നടത്തുന്ന പരിപാടി. ഒമാനിലെ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും മാറ്റി നിർത്തികൊണ്ട് ഉള്ള വെറും പ്രഹസനം ആണെന്നും ഒമാനിലെ കോൺഗ്രസ്സ് നേതാക്കളെയും അവരുടെ പ്രവർത്തനങ്ങളെയും പറ്റി നന്നായി അറിവുള്ള മുതിർന്ന കെ പി സി സി നേതാക്കളെ മനഃപൂർവ്വം ഒഴിവാക്കിക്കൊണ്ടു നടത്തുന്ന നാടകം ആണെന്നും ഒഐസിസി സിദ്ദിഖ് വിഭാഗം നേതാക്കൾ പത്രസമ്മേളനം നടത്തി ആരോപിച്ചു. ഒമാനിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ യാതൊരു സംഭാവനയും നൽകാൻ കഴിയാത്ത ചിലർ ചില ബന്ധങ്ങൾ ഉപയോഗിച്ച് സ്ഥാനമാനങ്ങളിൽ കയറി പറ്റുകയും. നാളിതുവരെ കോൺഗ്രസ് ആശയങ്ങൾ മുറുകെ പിടിച്ചു പ്രവാസികളുടെ ആവശ്യങ്ങൾക്ക് മുന്നിൽ നിന്നവരെ ഒഴിവാക്കികൊണ്ട് ഒരു പ്രവാസിയുടെ ഏതെങ്കിലും ആവശ്യങ്ങൾ നിറവേറ്റുവാൻ മുന്നിൽ നിൽക്കുക പോയിട്ട്, പകൽ വെളിച്ചത്തിൽ ഒരു പൊതുപ്രവർത്തനവും നടത്താത്ത ഒരു കൂട്ടം ആളുകളുടെ ഒരു കോ ഓഡിനേഷൻ കമ്മിറ്റി മാത്രമായി മാറി. സ്ഥാനമാനങ്ങളുടെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഒമാനിലെ കോൺഗ്രസിനെ കച്ചവട ചരക്കാക്കിയതിന്റെ മകുടോദാഹരണമാണ് കോൺഗ്രസിനെ എതിർക്കുന്ന ഒരു തമിഴ് പാർട്ടി ആയ എ ഐ എ ഡി എം കെ യുടെ ഭാരവാഹിയെ ഇപ്പോൾ മറുപക്ഷം ഉപാധ്യക്ഷനായി വച്ചിരിക്കുന്നത് എന്ന് മസ്കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോവിഡ് മഹാമാരികാലത്തും അതുപോലെ ഒമാനിലും നാട്ടിലും ഉണ്ടായിട്ടുള്ള പ്രളയം. മറ്റ് പ്രകൃതി ക്‌ഷോഭങ്ങളിലും കൈത്താങ്ങ് ആയി നിലകൊണ്ട മുൻ കമ്മിറ്റിയെ ജനാധിപത്യ മര്യാദകൾ കാണിക്കാതെ പിരിച്ചു വിട്ടത് അംഗീകരിക്കാനാവില്ല. ശ്രീ. രമേശ് ചെന്നിത്തല കെപിസിസി ആദ്ധ്യക്ഷനായ ശേഷം എല്ലാ കോൺഗ്രസ് അനുകൂല സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മറ്റു സംഘടനകളെ ഒഐസിസി യിൽ ലയിപ്പിച്ചപ്പോൾ യാതൊരു ഉപാധികളും കൂടാതെ എല്ലാവരെയും കൂട്ടിയിണക്കി ഒന്നിച്ചു കൊണ്ട് പോകുവാൻ ശ്രീ സിദ്ധിക്ക് ഹസ്സൻ പ്രസിഡന്റ് എന്ന നിലയിൽ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അന്ന് വിമത പ്രവർത്തനം മാത്രം നടത്തി ഒമാൻ ഒഐസിസിയെ പൊതുജന മധ്യത്തിൽ മോശമാക്കുവാൻ ശ്രമിക്കുകയും പരസ്യമായി സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തവർ ഇന്ന് അച്ചടക്കത്തിന്റെ വക്താക്കൾ ആയി അവതരിക്കുന്നത് കൗതുകകരമാണ്. മൂന്ന് മാസങ്ങൾക്ക് മുൻപ് പുതിയ കമ്മിറ്റിക്ക് രൂപം നൽകി മുന്നോട്ട് പോകുവാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു, അത് പത്രസമ്മേളനം വഴി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ എ ഐ സി സി യുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാൽ കെപിസിസി യുടെ മുതിർന്ന നേതാക്കൾ പ്രതിപക്ഷനേതാവ് എന്നിവരുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കാത്തിരിക്കാൻ ഉള്ള നിർദേശം കിട്ടിയതുകൊണ്ട് ആണ് അത്തരം നീക്കങ്ങളുമായി മുന്നോട്ട് പോകാതിരുന്നത്. എന്നാൽ ഇന്ന് ഒമാനിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഭൂരിപക്ഷം കോൺഗ്രസ് അനുഭാവികളും ഒഐസിസി പ്രവർത്തകരും അസംതൃപ്തരാണ്. അവരുടെ വികാരങ്ങൾ കണക്കിലെടുത്തുകൊണ്ട് മുന്നോട്ട് പോകുവാൻ ആണ് ഇപ്പോഴത്തെ തീരുമാനം. മുൻ നിശ്ചയിച്ച പോലെ മെമ്പർഷിപ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു. കെപിസിസി യുടെ 137 രൂപ ചലഞ്ചിൽ ഒമാനിൽ നിന്ന് മറുവിഭാഗം പിരിച്ച തുക കേരളത്തിൽ എത്തിയില്ലെന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്നതുകൊണ്ട്, ഒരു പൈസ പോലും മെമ്പർഷിപ്പ് ഫീസ് ഈടാക്കാതെയാണ് അംഗത്വവിതരണം നടക്കുന്നത്. തീർത്തും ജനാതിപത്യപരവും സുതാര്യമായ പ്രവർത്തനങ്ങളുമായി ഒഐസിസി എന്ന പേരിൽ തന്നെ ഞങ്ങൾ മുന്നോട്ട് പോകും. കോൺഗ്രസിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു ജനാധിപത്യമായ രീതിയിൽ റീജിയണൽ കമ്മിറ്റി മുതൽ ഉള്ള മുഴുവൻ സംഘടനാ സംവിധാനവും പുനഃസംഘടിപ്പിക്കുകയും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ഏകദിന ശില്പശാലകൾ സംഘടിപ്പിക്കുകയും ചെയ്യും. ചിന്തൻ ശിബിരിനു ശേഷം ഔദ്യോഗിക പക്ഷം എന്ന് അവകാശപ്പെടുന്നവരിൽ നിന്ന് അസംതൃപ്തരായ പല നേതാക്കളും പ്രവർത്തകരും തങ്ങളോടൊപ്പം എത്തും എന്നും നേതാക്കൾ അവകാശപ്പെട്ടു. പത്രസമ്മേളനത്തിൽ ഗോപകുമാർ , അനീഷ് കടവിൽ, ജിജോ കടന്തോട്ടു, സതീഷ് പട്ടുവം, നിധീഷ് മാണി, മനാഫ് തിരുനാവായ, റാഫി ചക്കര, ഹരിലാൽ വൈക്കം, സജി ഏനാത്ത്, പ്രിട്ടോ സാമുവൽ, സന്ദീപ് സദാനന്ദൻ, ഹനീഫ കൂട്ടായി,ഖാലിദ് പട്ടാമ്പി മുതലായവർ പങ്കെടുത്തു.