ദോഹ : ഖത്തറില്‍ കോവിഡ്-19 ബാധിതയായ 85 കാരിയായ സ്വദേശി വനിത സുഖം പ്രാപിച്ചു. കോവിഡില്‍ നിന്നു പൂര്‍ണമായും വിമുക്തി നേടിയ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗിയാണിവര്‍. ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് മടങ്ങിയ സ്വദേശി വനിതയ്ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി അധികൃതരും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലെ (സിഡിസി) കോവിഡ്-19 ചികിത്സക്ക് ശേഷം പൂര്‍ണമായും രോഗവിമുക്തയായി വീട്ടിലേക്ക് മടങ്ങിയ 85 കാരി സ്വദേശി വനിതക്ക് സിഡിസിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എച്ച്എംസിയിലെ ഡോ.മുന അല്‍ മലമനി, ഡോ. മുന അല്‍ റാഷിദ് എന്നിവര്‍ ചേര്‍ന്ന് ഊഷ്മള യാത്രയയപ്പ് ആണു നല്‍കിയത്. മാര്‍ച്ച് പകുതിയോടെയാണ് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ എച്ച്എംസിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചതോടെ സിഡിസിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുകയായിരുന്നു. പൂര്‍ണമായും വൈറസ് വിമുക്തയാണോ എന്നു രണ്ടു തവണ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഈ ആഴ്ച ആദ്യ വാരത്തിലാണ് ചികിത്സ പൂര്‍ത്തിയാക്കി സ്വദേശി വനിതയെ വീട്ടിലേക്ക് അയച്ചത്.