മസ്കറ്റ്: ജൂലൈ ഏഴുമുതൽ ആഗസ്റ്റ് 31 വരെ കാലയളവിൽ 877 സർവിസുകൾ റദ്ദാക്കിയതായി ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് റദ്ദാക്കാനുള്ള നിർദേശത്തെതുടർന്നാണ് ഇൗ നടപടി.കോഴിക്കോട്, മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബൈ, ജയ്പുർ, കാഠ്മണ്ഡു, കൊളംബോ, അമ്മാൻ, കുവൈത്ത്, മദീന, ദോഹ, സലാല, റിയാദ്, ഏതൻസ്, ഗോവ, ജയ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ സർവിസുകളിൽ ബുക്കിങ് നടത്തിയവർക്ക് അടുത്ത് ലഭ്യമായിട്ടുള്ള വിമാനത്തിൽ റീ ബുക്കിങിന് അവസരമൊരുക്കിയിട്ടുണ്ട്.ജൂലൈ ഏഴുമുതൽ ആഗസ്റ്റ് 31 വരെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒമാൻ എയർ വെബ്സൈറ്റിലോ കോൾസെന്റർ നമ്പറായ 96824531111ലോ വിളിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയണമെന്ന് ഒമാൻ എയർ നിർദേശിച്ചു. കഴിഞ്ഞ മാർച്ചിൽ ഇതോപ്യൻ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് നിർത്തിവെക്കാൻ നിർദേശിച്ചത്. ഇതേ തുടർന്ന് ഒമാൻ എയർ നിരവധി സർവിസുകൾ റദ്ദാക്കിയിരുന്നു. സർവിസ് റദ്ദാക്കൽ ടിക്കറ്റ് നിരക്കുകളിൽ ചെറിയ ഉയർച്ച ഉണ്ടാകാനും വഴിയൊരുക്കിയിരുന്നു,എന്നാൽ പൊതുവെ നിരക്കുകൂടിനിൽക്കുന്ന ഈ അവസ്ഥയിൽ സർവീസുകൾ റദ്ദാക്കിയത് വിമാനക്കൂലി കൂടാൻ കാരണമാകുമെന്ന് ട്രാവൽസ് മേഖലയിൽ ഉള്ളവർ പറയുന്നു.