മസ്കറ്റ് : ഒമാനും സഊദി അറേബ്യയും ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഏകീകൃത ടൂറിസ്റ്റ് വിസയും സംയുക്ത ടൂറിസം കലണ്ടറും ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തു.അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും ജി സി സി രാജ്യങ്ങളിലെ താമസക്കാരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്കും തുടക്കമിട്ടു. ഇരു രാജ്യങ്ങളിലെയും ട്രാവൽ, ടൂറിസം സംരംഭകരെ പിന്തുണക്കുന്നതിനൊപ്പം ടൂറിസം മേഖലയിലെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് വ്യാപാര നിക്ഷേപ സഹകരണം സജീവമാക്കാനും ഇരുപക്ഷവും തീരുമാനിച്ചു. സഊദി ടൂറിസം മന്ത്രി അഹമ്മദ് അഖീൽ അൽ ഖത്തീബും ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. പ്രമോഷൻ, മാർക്കറ്റിംഗ്, ടൂറിസം ആക്ടിവേഷൻ, ടൂറിസം നിയന്ത്രണങ്ങൾ, വ്യോമഗതാഗത സഹകരണം, സീസണൽ ഫ്ലൈറ്റുകൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി സംയുക്ത ടൂറിസം സംരംഭങ്ങൾ തുടങ്ങാനും ധാരണയായി. ഏകീകൃത ടൂറിസ്റ്റ് വിസ, സീസണൽ ഫ്ലൈറ്റുകൾ, സംയുക്ത ടൂറിസം കലണ്ടർ എന്നിവയിലൂടെ വിദേശ വിനോദസഞ്ചാരികളെയും ഇരു രാജ്യങ്ങളിലെയും പൗരന്മാരെയും ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിലെ താമസക്കാരെയും ആകർഷിക്കാനാണ് സൗദി- ഒമാൻ പദ്ധതികൾ ലക്ഷ്യമിടുന്നതെന്ന് സൗദി വാർത്താ ഏജൻസി എസ്പിഎ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യ പാദത്തിൽ സഊദിയിൽനിന്ന് ഒമാനിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഏകദേശം 49,000 ആണ്. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 92 ശതമാനത്തിന്‍റെ വളർച്ചയാണുണ്ടായത്. എന്നാൽ, ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഒമാനിൽനിന്ന് സൗദിയിലേക്ക് 1,64,000 വിനോദ സഞ്ചാരികളാണ് എത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 136 ശതമാനത്തിന്‍റെ ഉയർച്ചയാണുണ്ടായത്.