മസ്കറ്റ്. ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് നിരോധം വരുന്നു. ഇതു സംബന്ധിച്ച് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിക്കുമെന്നും 2023 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു.
ഉത്തരവ് പ്രകാരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്ലാസ്റ്റിക് ബാഗുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. നിയമം ലംഘിച്ചാല്‍ 1000 റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒമാനില്‍ ഒരു തവണ മാത്രം ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ചിരുന്നു.