മസ്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരെ ഇന്ത്യയ്ക്കു തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരായ ഒമാൻ ഇന്ത്യയെ തോൽപിച്ചത്. 33-ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസാനി ഒമാനുവേണ്ടി ഗോൾ നേടി. തോൽവിയോടെ ഇന്ത്യയുടെ 2022 ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചു.
സമനില നേടാന്‍ സാധിച്ചാൽ 2023 ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സിന്റെ മൂന്നാം റൗണ്ടിലെത്താമായിരുന്നു. തോൽവിയോടെ ആ അവസരവും ഇന്ത്യയ്ക്കു നഷ്ടമായി. ആദ്യ പകുതിയിൽ ഇന്ത്യൻ നിരയിൽ രണ്ടു താരങ്ങൾ പരുക്കേറ്റു പുറത്തുപോയി. പ്രണോയ് ഹൽദർ, ആദിൽ ഖാൻ എന്നിവർക്കാണു പരുക്കേറ്റത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ഗോൾ നേടാൻ ഒമാനു സുവർണാവസരം ലഭിച്ചിരുന്നു. മുഹ്സിൻ അൽ ഗസാനിയെ ബോക്സിനകത്തു വച്ച് രാഹുൽ ബേക്കെ വീഴ്ത്തിയതിനു റഫറി പെനൽറ്റി അനുവദിച്ചു. പക്ഷേ ഗോൾ നേടാൻ ഒമാന് സാധിച്ചില്ല. മുഹ്സിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോകുകയായിരുന്നു. എന്നാൽ 33–ാം മിനിറ്റിൽ ഒമാൻ ലീഡ് സ്വന്തമാക്കി. ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യ ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
ഇതുവരെ നടന്ന അഞ്ചു കളികളിൽ ഒന്നിൽപ്പോലും ജയിക്കാൻ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല. അതേസമയം ഒമാൻ 5 കളിയിൽ നാലും ജയിച്ചു. പോയിന്റു പട്ടികയിൽ 12 പോയിന്റുമായി ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഒമാൻ. സെപ്റ്റംബറിൽ ഗുവാഹത്തിയിൽ ഒമാനെതിരെ നടന്ന ആദ്യപാദ മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോളിൽ മുന്നിലെത്തിയിട്ടും അവസാന മിനിറ്റുകളിൽ 2 ഗോൾ വഴങ്ങി ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു.