2018 ബജറ്റിന് സുല്‍ത്താന്റെ അംഗീകാരം; ശുഭ പ്രതീക്ഷയിൽ സുൽത്താനേറ്റ്

മസ്‌കത്ത്∙ 2018 വാര്‍ഷിക ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ അംഗീകാരം. മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. പന്ത്രണ്ടര ബില്യന്‍ ഒമാനി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ സാമ്പത്തിക വര്‍ഷം 9.5 ബില്യണ്‍ റിയാലിന്റെ വരുമാനവും കണക്കാക്കുന്നു. ബജറ്റിലെ കമ്മിയായ മൂന്നു ബില്യണ്‍ റിയാലില്‍ രണ്ടര ബില്യണ്‍ റിയല്‍ വിദേശ ആഭ്യന്തര വായ്പകളിലൂടെ സമാഹരിക്കും.500 ബില്യണ്‍ റിയാല്‍ രാജ്യത്തിന്റെ കരുതല്‍ നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കും. എണ്ണവില ബാരലിന് 50 ഡോളര്‍ ശരാശരി കണ്ടാണ് 2018 വാര്‍ഷിക ബജറ്റിലെ വരുമാനം നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കുന്നതാണ് 2018 വാര്‍ഷിക ബജറ്റെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ചെലവ് കുറക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്.പൊതുചെലവിലേക്ക് വകയിരുത്തിയത് 12.5 ബില്യന്‍ റിയാലാണ്. 2017നെ അപേക്ഷിച്ച് 800 ദശലക്ഷം റിയാലിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ കമ്പനികള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് മൂന്ന് ബില്യന്‍ റിയാല്‍ നല്‍കും. വിത്യസ്ത വികസനങ്ങള്‍ക്കായി 1.2 ബില്യണ്‍ റിയാല്‍ ചെലവഴിക്കും വിദ്യാഭ്യാസം, ആരോഗ്യം, ഹൗസിംഗ്, സാമുഹിക ക്ഷേമം എന്നിവക്ക് 3.8 ബില്യന്‍ റിയാലാണ് വകയിരുത്തിയിരിക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ കമ്പനികളുടെ സ്വകാര്യവത്കരണം തുടരുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു. മന്ത്രിസഭാ കൗണ്‍സില്‍ പ്രഖ്യാപിച്ച 25,000 തൊഴില്‍ അവസരങ്ങള്‍ക്കുള്ള നടപടികള്‍ തുടരും. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 4,800 തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം ഒരുക്കുന്നതിന് നാഷനല്‍ ട്രെയ്‌നിംഗ് ഫണ്ടിലേക്ക് 62 ദശലക്ഷം റിയാലും നീക്കിവെച്ചിട്ടുണ്ട്.