ഒമാൻ: ഒമാനിലേക്ക് ടൂറിസം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഒമാൻ സന്ദര്‍ശിക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ ഇലക്ട്രോണിക് വിസ ലഭിക്കാനുള്ള സംവിധാനമൊരുക്കി റോയൽ ഒമാൻ പൊലീസ്.സലാലയിലടക്കം ഖരീഫ് ടൂറിസം സീസൺ ആരംഭിച്ചതോടെ ദിനേന ആയിരക്കണക്കിന് ആളുകളാണ് വിസക്കായി അപേക്ഷിക്കുന്നത്. ഇത് മുന്നിൽക്കണ്ടാണ് നടപടികൾ എളുപ്പമാക്കിയിരിക്കുന്നത്. തൊഴിലുടമ, തൊഴിലുടമ അല്ലാത്തവര്‍, ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവർക്കെല്ലാം ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാം. ഒമാനില്‍ എത്തുന്നതിന്റെ നാലു ദിവസം മുമ്പെങ്കിലും വിസ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളുടെ നില അനുസരിച്ച് നടപടിക്രമങ്ങളുടെ സമയം വ്യത്യാസപ്പെട്ടേക്കാം.റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് താഴെപ്പറയുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വിസ ലഭിക്കും. ആദ്യം ആര്.ഒ.പി വെബ്സൈറ്റില്‍ കയറി വ്യക്തിഗത അക്കൗണ്ട് ഉണ്ടാക്കണം. ആവശ്യമായ വിവരങ്ങള്‍ നല്കി അക്കൗണ്ട് സൃഷ്ടിക്കാം. അക്കൗണ്ട് ആക്ടീവ് ആയാല്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ആഗ്രഹിക്കുന്ന വിസക്കുള്ള അപേക്ഷക്ക് വേണ്ടി തിരയാം. പിന്നീട് യാത്രാരേഖയുടെ നമ്പറോ ആവശ്യമായ മറ്റെന്തെങ്കിലും വിവരമോ നല്‍കുക. എന്‍ക്വയറി ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പി.ഡി.എഫ് രൂപത്തിലുള്ള വിസ പ്രിന്റ് ചെയ്യുക. അപേക്ഷ സമര്‍പ്പിച്ചാലുടൻ നടപടിക്രമങ്ങള്‍ ആരംഭിക്കും. അനുവദിച്ചതിന് ശേഷം വിസ ഉപയോഗത്തിന്റെ കാലാവധി വെബ്സൈറ്റില്‍നിന്ന് അറിയാൻ കഴിയും. എക്സ്പ്രസ് വിസക്ക് ഒരു മാസം, രാജ്യത്തെ തൊഴിലുടമയുമായി ബന്ധപ്പെട്ട വിസക്ക് മൂന്നു മാസം, തൊഴിലുടമയില്ലാത്ത വിസക്ക് ഒരു മാസം എന്നിങ്ങനെയാണ് കാലാവധി. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഫീസ് അടക്കുകയും നല്കിയ വിവരങ്ങളുടെ കൃത്യത പരിശോധിക്കുകയും ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ഇ മെയിലിലേക്ക് വിസയുടെ കോപ്പി അയക്കും. സ്പോണ്‍സേഡ് ടൂറിസ്റ്റ് വിസയും എക്സ്പ്രസ് വിസയും ഇപ്പോള്‍ ഇലക്ട്രോണിക് വിസ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് വിസ സംബന്ധിച്ച സംശയങ്ങള്‍ക്കും സഹായത്തിനും ആര്.ഒ.പി വെബ്സൈറ്റില്‍ നല്കിയ നമ്പറുകളിലോ ഇ മെയിലിലോ ബന്ധപ്പെടാം. ഒമാനില്‍ നിന്നുള്ളവർക്ക് 80080011 (ടോള്‍ ഫ്രീ) എന്ന നമ്പറിലും രാജ്യത്തിന് പുറത്തുനിന്നുള്ളവക്ക് +968 22848200 എന്ന നമ്പറിലും വിളിക്കാം. https://evisa.rop.gov.om/ എന്ന വെബ്സൈറ്റിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.
ഒമാൻ ഇ-ടൂറിസ്റ്റ് വിസ ഇനി എളുപ്പത്തിൽ . നടപടികൾ എളുപ്പമാക്കി റോയൽ ഒമാൻ പൊലീസ്
By : Ralish MR - Oman