ഒമാൻ: ഇന്നലെ വൈകിട്ട് ഹൈമ വിലായത്തിൽ നടന്ന ദാരുണമായ റോഡ് അപകടത്തിൽ അഞ്ച് പേരുടെ ജീവൻ നഷ്ടമായി.പരിക്കേറ്റ ഒരാൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.അതേസമയം, അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഹൈമ. മലയാളികളടക്കമുള്ള നിരവധി ആളുകളുടെ ജീവൻ ഈ പാതയിൽ പൊലിഞ്ഞിട്ടുണ്ട്.വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും മറ്റുമാണ് രാജ്യത്തെ റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് 76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.