മസ്കറ്റ് : 2018ൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വർധന. 30 ശതകോടി റിയാലാണ് കഴിഞ്ഞവർഷം അവസാന പാദത്തെ കണക്കനുസരിച്ച് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂല്യം. എണ്ണവിലയിലെ ഇടിവിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന് കഴിഞ്ഞ വർഷം ആഭ്യന്തര ഉൽപാദന രംഗത്ത് വളർച്ച കൈവരിക്കാൻ സാധിച്ചതായി കഴിഞ്ഞദിവസം നടന്ന സുപ്രീംകൗൺസിൽ ഫോർ പ്ലാനിങ് യോഗം വിലയിരുത്തി. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ചെയർമാൻ ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം രാജ്യത്തിൻറെ സാമ്പത്തിക പ്രകടന റിപ്പോർട്ട് അവലോകനം ചെയ്തു.നിലവിലെ വിപണിവില അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ഉൽപാദനത്തിൽ കഴിഞ്ഞ വർഷം അവസാനപാദത്തിൽ 12 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. എണ്ണയിതര പ്രവർത്തനങ്ങളുടെ വളർച്ചനിരക്ക് 2.9 ശതമാനമാണ്. നവംബർ അവസാനംവരെയുള്ള കണക്കനുസരിച്ച് എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുമുണ്ട്.