ഒമാൻ : ഇൻഡോ ഗൾഫ് ആൻഡ് മിഡിലീസ്റ്റ് – ചേംബർ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒമാൻ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നത് ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് ഒമാൻ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് അൽ യൂസുഫ്. മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോർഡ് അംഗങ്ങളുമായി മന്ത്രാലയത്തിൽ നടന്ന കൂടികാഴ്ചയിൽ അഭിപ്രായപ്പെട്ടു .. ഉൽപാദനം, ഗതാഗതം, ചരക്കുനീക്കം, ടൂറിസം, ഊർജം, ഖനനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് പറഞ്ഞ ഖൈസ് അൽ യൂസുഫ് ഐ.എൻ.എം.ഇ.സി.സിയുടെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും ഉറപ്പുനൽകി. മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് ഒമാൻ ചാപ്റ്റിെൻറ പ്രവർത്തനങ്ങൾ ഒമാൻ ചേംബറിന് കീഴിൽ വേണം നടത്താനെന്നും ഇതിനായി രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുമെന്നും വ്യവസായ, വാണിജ്യമന്ത്രി പറഞ്ഞു. നവീനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ട്അപ്പ് നിക്ഷേപകർക്കായി ഒമാൻ ചേംബറുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിെൻറ സാധ്യതകൾ കൂടികാഴ്ചയിൽ ചർച്ച ചെയ്തു. ഇൻവെസ്റ്റ് ഒമാൻ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ പങ്കാളിത്തത്തോടെ വാർഷിക മെഗാ ഇവൻറ് നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം കൂടികാഴ്ചയിൽ മുന്നോട്ടുവെച്ചു. ഒമാെൻറ സമഗ്ര ബിസിനസ് അന്തരീക്ഷത്തിന് ഈ വാർഷിക പരിപാടി ഗുണം ചെയ്യുമെന്ന് ഐ.എൻ.എം.ഇ.സി.സി അംഗങ്ങൾ ചൂണ്ടികാട്ടി. ഹോട്ടൽ അതിഥി വ്യവസായ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സഹകരണ സാധ്യതകളും കൂടികാഴ്ചയിൽ ചർച്ചയായി. ഇന്ത്യയിൽ നിന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും വിധം ഈ രംഗത്തെ പ്രവർത്തനങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്. ഒമാനിലെ ഹെൽത്ത്കെയർ രംഗത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നത് സംബന്ധിച്ചും വിശദ ചർച്ചകൾ നടന്നു. ഇതിനായി ഇൻഷൂറൻസ് നിയമങ്ങളിൽ മന്ത്രി തല ഇടപെടൽ വേണമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ ചൂണ്ടികാണിച്ചു. സേവനദാതാക്കൾക്ക് ഇൻഷൂറൻസ് കമ്പനികൾ പണമൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ക്രമപ്പെടുത്തുകയും വേണമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ ചൂണ്ടികാട്ടി. ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് ഒമാൻ ചാപ്റ്റർ പ്രസിഡൻറ് മുഹിയുദ്ദീൻ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഒമാൻ ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ, വൈസ് ചെയർമാൻമാരായ ഡോ.ജെയിംസ് മാത്യു (യു.എ.ഇ), സിദ്ദീഖ് അഹമ്മദ് (സൗദി അറേബ്യ), സെക്രട്ടറി ജനറൽ ഡോ. സുരേഷ് മധുസൂദനൻ, കുവൈത്ത് ഡയറക്ടർ രാജേഷ് സാഗർ എന്നിവർ കൂടികാഴ്ചയിൽ പങ്കെടുത്തു.