ഒമാൻ ഹെൽത്ത് എക്‌സ്‌പോ 26 മുതൽ; കേരളത്തിൽ നിന്ന് 40 ആശുപത്രികൾ പങ്കെടുക്കും

മസ്‌കറ്റ്. ഒമാൻ ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഫറൻസ് സെപ്തംബർ 26 മുതൽ 28 വരെ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 പ്രദർശകർ പങ്കെടുക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ നിന്നുള്ള 40ൽ പരം ആശുപത്രികളും ഇത്തവണ പ്രദർശനത്തിന് എത്തുന്നുവെന്നതും പ്രത്യേകതയാണ്.
എക്‌സിബിഷൻ സെന്ററിലെ ഹാൾ നമ്പർ അഞ്ചിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ 5000ൽ അധികം ആളുകൾ സംബന്ധിമെന്നാണ് പ്രതീക്ഷിക്കുന്നത്. സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽ സഈദ് ഉദ്ഘാടനം ചെയ്യും. ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ എക്സിബിഷൻസ് ഓർഗനൈസിംഗ് കമ്പനിയായ “കണക്ടാണ്’ മേള സംഘടിപ്പികുന്നത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ (പി എ ഡി സി), ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് സെന്റർ (ഡി ജി ക്യു എ സി), ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് എന്നിവ പിന്തുണ നൽകുകയും ചെയ്യും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയായിരിക്കും പ്രദർശനവും അനുബന്ധ പരിപാടികളും. എക്‌സിബിഷനിലെ പ്രധാന ആകർഷണം ആരോഗ്യമന്ത്രാലയത്തിന്റെ ബൂത്ത് നമ്പർ 108 ആയിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തെ ബാധിക്കുന്ന കാര്യങ്ങളെ പറ്റിയുള്ള നൂതനമായ പരിഹാരങ്ങൾ ഈ ബൂത്തിലൂഴടെ ലഭ്യമാകും.
ആരോഗ്യ സംരക്ഷണത്തിലും സംരഭകത്വത്തെ പറ്റിയുമെല്ലാം പുതിയ അറിവുകൾ പകരുന്നതിന് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഫറൻസ് അവസരമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ക്വാളിറ്റി അഷ്വറൻസ് സെന്റർ ഡയറക്ടർ ജനറൽ ഡോ. ഖമ്ര സഈദ് അൽ സരിരി പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ദീർഘകാല വികസനത്തിനും അതിന്റെ സുസ്ഥിര പുരോഗതിക്കും സംഭാവന നൽകുന്ന ഏറ്റവും അവശ്യ സ്തംഭങ്ങളിൽ ഒന്നാണ് ആരാഗ്യ മേഖല. ഈ മേഖലയിലെ പ്രസക്തമായ പ്രശ്നങ്ങളും ആശങ്കകളും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്ന ഫലപ്രദമായ ചർച്ചകൾ ഒമാൻ ഹെൽത്ത് കെയർ ആന്റ് എക്‌സിബിഷന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.