ഒമാൻ : ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ തൊഴിൽ പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 28 വെള്ളിയാഴ്ച നടക്കുമെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്ഥാനപതിയുടെ മുൻപാകെ ബോധിപ്പിക്കാം .ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗിനോടൊപ്പം എംബസ്സിയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയും .