മസ്കത്ത്: ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം ഉണ്ടാക്കുന്ന സ്ഥിതിവിശേഷങ്ങൾ നിരീക്ഷിക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 2015ലാണ് ഒമാൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ഇറാനും അമേരിക്കയും വൻശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാർ യാഥാർഥ്യമായത്. െഎക്യരാഷ്ട്ര സഭ രക്ഷാസമിതിയാണ് കരാർ നടപ്പാക്കിയത്. അമേരിക്കയുമായും ഇറാനുമായും സഹകരണവും സുഹൃദ് ബന്ധവും പുലർത്തുന്ന രാജ്യമാണ് ഒമാനെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിൽ സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും ഒമാൻ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.മേഖലയിൽ സ്ഥിരതയും സമാധാനവും നിലനിർത്താൻ അമേരിക്കയും ഇറാനും താൽപര്യം കാണിക്കുന്നതായാണ് ഒമാൻ വിശ്വസിക്കുന്നത്. ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് ഗുണകരമാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കരാറിൽതന്നെ ഉറച്ചുനിൽക്കാനുള്ള വൻശക്തി രാജ്യങ്ങളുടെ നിലപാടിന് ഒമാൻ വില കൽപിക്കുന്നു. ഇൗ നിലപാട് മേഖലയുടെയും അന്താരാഷ്ട്ര തലത്തിലുമുള്ള സുരക്ഷിതത്വവും സ്ഥിരതയും സംജാതമാക്കാൻ സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാനുമായി നിരവധി മേഖലകളിൽ സഹകരണം പുലർത്തുന്ന രാജ്യമാണ് ഒമാൻ. ഇരു രാഷ്ട്രങ്ങളും തമ്മിൽ കൂടുതൽ വാണിജ്യ ബന്ധങ്ങളുമുണ്ട്. പ്രകൃതിവാതക പൈപ്പ്ലൈൻ അടക്കം ലക്ഷക്കണക്കിന് ഡോളറിെൻറ പദ്ധതികളും നിലവിലുണ്ട്. ഇറാെൻറ ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന രാജ്യം കൂടിയാണ് ഒമാൻ. ഒമാെൻറ നിരവധി ഉൽപന്നങ്ങൾ ഇറാൻ മാർക്കറ്റിലുമുണ്ട്.അമേരിക്ക ഉപരോധം ശക്തമായി നടപ്പാക്കുകയാണെങ്കിൽ അത് ഒമാെൻറ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. അതോടൊപ്പം, അമേരിക്ക കരാറിൽനിന്ന് പിന്തിരിയുന്നത് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമാധാനം ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും ഒമാൻ ഭയക്കുന്നു. അതേസമയം, 2015ലെ ആണവകരാർ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒമാൻ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ സേവനങ്ങൾ നൽകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഒമാെൻറ നിലപാടുകൾ ലോകം ഉറ്റു നോക്കുന്നുണ്ട്.