ഒമാൻ കൃഷിക്കൂട്ടം, ഇന്ത്യൻ സ്കൂള്‍ ബുറൈമിയുമായി സഹകരിച്ച്‌ ഇന്ത്യൻ സ്കൂളിൽ കൃഷിയിറക്കി

ബുറൈമി: മനുഷ്യരാശിയുടെ നിലനിൽപ്പിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കൃഷി. മണ്ണിനേയും, കൃഷിയേയും നെഞ്ചോട് ചേർത്ത പാരമ്പര്യമാണ് നമ്മുടേത്. അത്തരത്തില്‍ കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം പ്രവാസികൾ ചേർന്ന് രൂപം കൊടുത്ത കൊച്ചു കർഷകക്കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടം ഇന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്.ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, അതിനെക്കുറിച്ചുള്ള അറിവുകൾ മറ്റുള്ളവര്‍ക്കും നമ്മുടെ യുവ തലമുറക്കും പകര്‍ന്നു നല്‍കുക എന്നീ കാര്യങ്ങളിൽ തുടക്കം മുതൽ തന്നെ ഒമാൻ കൃഷിക്കൂട്ടം മുന്നിലുണ്ട്. ഇവിടുത്തെ മണ്ണിനും, കാലാവസ്ഥക്കും അനുയോജ്യമായ നല്ലയിനം വിത്തുകളും ഓരോ വർഷവും വിതരണം ചെയ്യാറുണ്ട്.കൃഷിയെ സ്നേഹിക്കുക, കർഷകരെ ബഹുമാനിക്കുക, വിഷരഹിത പച്ചക്കറികൾ സ്വയം കൃഷി ചെയ്തു തുടങ്ങുക എന്നീ ലക്ഷ്യം കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുക എന്ന ഉറച്ച തീരുമാനവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് നമ്മുടെ ഒമാൻ കൃഷിക്കൂട്ടം ബുറൈമിയിലെ കൂട്ടുകാർ.എല്ലാവർഷവും ഒമാൻ കൃഷിക്കൂട്ടം ഇന്ത്യൻ സ്കൂള്‍ ബുറൈമിയുമായി സഹകരിച്ച്‌ സ്കൂളിൽ കൃഷിയിറക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഡിസംബർ 14 വ്യാഴാഴ്ച പ്രിൻസിപ്പൽ ശ്രീ. ശാന്തകുമാര്‍ ദേസരിയുടെ സാന്നിധ്യത്തിൽ ഒമാൻ കൃഷിക്കൂട്ടം ബുറൈമി അഡ്മിൻസായ നിഷാദ്, ശ്രീജിത്ത്, ധന്യ, ഷിമ എന്നിവരുടെ നേതൃത്വത്തിൽ വിത്തുകൾ പാകിയും, തൈകൾ നട്ടും കുട്ടി കൂട്ടുകാരുടെ ഈ വർഷത്തെ കൃഷി ആരംഭം ആഘോഷമാക്കി.ഒമാൻ കൃഷികൂട്ടത്തിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകൾ അഡ്മിൻസ് അവരുടെ വീടുകളില്‍ പാകി കിളിർപ്പിച്ചു തൈകളായാണ് കുഞ്ഞുങ്ങൾക്കായി നല്‍കിയത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും നൂറുമേനി വിളവെടുക്കുവാൻ സാധിക്കും എന്ന പ്രതീക്ഷയാണ് ഇന്ത്യൻ സ്കൂൾ ബുറൈമിയിലെ കുട്ടി കർഷകരും, അദ്ധ്യാപകരും, ഒമാൻ കൃഷികൂട്ടം ബുറൈമി അഡ്മിൻസും പങ്കുവെച്ചത്.കേരള നാടിന്റെ ഹരിതാഭയും പച്ചപ്പും അയവിറക്കി സമയം കളയാതെ ഈ പ്രവാസനാട്ടിലും തങ്ങളാലാവും വിധം ആ പച്ചപ്പ് സൃഷ്ടിച്ചെടുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്ന ഒമാൻ കൃഷികൂട്ടം അഭിനന്ദനം അർഹിക്കുന്നു.