ഒമാനിലെ സാമൂഹിക പ്രവർത്തകൻ സംസ്ഥാന പ്ളാനിങ് ബോര്‍ഡിൽ

pm-jabir1മസ്കത്ത്: ഒമാനിലെ പ്രമുഖ പ്രവാസി സമൂഹിക പ്രവര്‍ത്തകനായ പി.എം. ജാബിര്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പ്ളാനിങ് ബോര്‍ഡ് ഉപദേശക കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച കമ്മിറ്റിയില്‍ 19 അംഗങ്ങളാണുള്ളത്. പ്രവാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഗവേഷണം നടത്തുന്നവരുമാണ് സമിതിയില്‍ അധികവും. പി.ടി. കുഞ്ഞുമുഹമ്മദ്, ഹൃദയ രാജന്‍, ഉഷ ടൈറ്റസ് തുടങ്ങിയര്‍ സമിതിയിലുണ്ട്. ഷാര്‍ജയില്‍നിന്ന് കൊച്ചു കൃഷ്ണന്‍, ദോഹയില്‍നിന്ന് ശങ്കരന്‍, സൗദി അറേബ്യയില്‍നിന്ന് ആസാദ് എന്നിവരാണ് സമിതിയിലുള്ളത്. 13 ആം പഞ്ചവത്സര പദ്ധതിയിലേക്ക് റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം.

പ്രവാസി വിഷയങ്ങളാവും പ്രധാനമായും സമിതി പഠനം നടത്തുന്നത്. പ്രവാസികള്‍ക്ക് നിലവില്‍ ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പഠിക്കുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും അടക്കമുള്ള നിരവധി ചുമതലകള്‍ സമിതിക്കുണ്ട്. സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് ഡിസംബറില്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. ആദ്യ യോഗം ഈമാസം 15ന് നടക്കും. വിഡിയോ കോണ്‍ഫറന്‍സ് വഴിയോ നേരിട്ടോ അംഗങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കും.വിമാന നിരക്ക് കുറക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉപരിപ്ളവമാണെന്നും ഇതിലും അടിസ്ഥാന പ്രശ്നങ്ങള്‍ നിരവധിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രവാസി പുനരധിവാസവും പ്രവാസി സുരക്ഷയും ഏറെ പ്രധാനമാണ്. ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ നിയമത്തില്‍ ഒപ്പുവെക്കണം.

25 വര്‍ഷം മുമ്പ് ഐക്യരാഷ്ട്ര സഭ പാസാക്കിയ നിയമത്തില്‍ ഇന്ത്യ ഇതുവരെയും ഒപ്പിടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കുടിയേറ്റ നിമയത്തില്‍ ഒപ്പുവെക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും. യു.എന്‍ കുടിയേറ്റ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ നയ രൂപവത്കരണം നടത്തുന്നതോടെ പ്രവാസി നിയമങ്ങള്‍ പലതും പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി പുനരധിവാസം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണാന്‍കഴിയും.

കഴിഞ്ഞ 30 വര്‍ഷമായി പ്രവാസലോകത്ത് ജീവിക്കുകയും പ്രവാസി പ്രശ്നങ്ങള്‍ അടുത്തറിയുകയും ചെയ്യുന്ന തനിക്ക് സമിതിക്ക് മുന്നില്‍ നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയും. പ്രവാസം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ക്ക് പ്രത്യേക പരിശീലനവും ബോധവത്കരണവും നടത്തുക, വിദേശത്തേക്കുള്ള റിക്രൂട്ട്മെന്‍റുകള്‍ സുതാര്യവും സൗജന്യവുമാക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങളും സമിതിക്ക് മുന്നില്‍വെക്കും. ഒമാനിലെ പ്രവാസികള്‍ക്ക് ഈ വിഷയത്തില്‍ നല്‍കാനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്ന് ജാബിര്‍ ആവശ്യപ്പെട്ടു. ഇവ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.